കാസർകോട്: മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ മത്സരിപ്പിച്ചതിനെതിരെ പ്രവർത്തിച്ചതിന് സി.പി.ഐയിൽ രണ്ടുപേർക്കെതിരെ അച്ചടക്ക നടപടി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ല എക്സിക്യൂട്ടിവ് അംഗവുമായ ബങ്കളം കുഞ്ഞികൃഷ്ണൻ, ജില്ല കൗണ്‍സിലംഗം എ. ദാമോദരൻ എന്നിവരെ പരസ്യമായി ശാസിക്കാൻ വ്യാഴാഴ്ച ചേർന്ന ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു.
രണ്ടു തവണ എം.എൽ.എയും ഒരു തവണ മന്ത്രിയുമെന്നതാണ് പാർട്ടി ചട്ടം. ഇതിനു വിരുദ്ധമായി ഇ. ചന്ദ്രശേഖരനെ മൂന്നാമതും മത്സരിപ്പിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഇൗ നിലപാടിനെതിരെ ജില്ല കൗൺസിലിൽ ഒരുവിഭാഗം നേരത്തേ രംഗത്തുവന്നിരുന്നു. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ എതിർപ്പും മറികടന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനമുണ്ടായത്. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് വീണ്ടും സ്ഥാനാർഥിയാക്കിയത്. ഇൗ നടപടിയിൽ 'വിഷമമുണ്ട്' എന്ന് ബങ്കളം കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് പാർട്ടി നിലപാടിനെതിരായ പരസ്യപ്രകടനമെന്നാണ് ജില്ല കൗൺസിൽ വിലയിരുത്തിയത്. ഇദ്ദേഹത്തിനു പിന്നിൽ പ്രവർത്തിച്ചത് എ. ദാമോദരനാണെന്നും പാർട്ടി കണ്ടെത്തി. ഇതാണ് ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ കാരണം.
ജില്ല കൗൺസിൽ യോഗത്തില്‍ ടി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ദേശീയ കൗണ്‍സിലംഗം ഇ. ചന്ദ്രശേഖരന് എം.എല്‍.എ, സംസ്ഥാന എക്സിക്യൂട്ടിവംഗം സി.പി. മുരളി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.