ഗുവാഹതി: അസമിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടിക പ്രത്യേക പരിഷ്കരണ (എസ്.ആർ) പ്രക്രിയയിൽ നിലവിലെ വോട്ടർമാർക്ക് യാതൊരുവിധ പ്രശ്നങ്ങളും നേരിടേണ്ടിവരില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അനുരാഗ് ഗോയൽ.
പുതിയ വോട്ടർമാർക്ക് സ്വയം വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. കൈയേറ്റം ചെയ്യപ്പെട്ട സർക്കാർ ഭൂമിയിൽനിന്ന് കുടിയിറക്കപ്പെട്ടവർ ഉൾപ്പെടെയുള്ളവർക്ക് മുമ്പുള്ള വിവരങ്ങൾ നൽകി അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി എസ്.ആർ തയാറാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 10ഓടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
അർഹരായ വോട്ടർമാരെ ഉൾപ്പെടുത്തി, അനർഹരായവരെ പട്ടികയിൽനിന്ന് പുറത്താക്കുകയാണ് എസ്.ആറിന്റെ ലക്ഷ്യം. രാജ്യത്ത് എസ്.ആർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് അസമെന്നും ഇവിടത്തെ പൗരത്വത്തിന്റെ പ്രത്യേക വ്യവസ്ഥകൾ കാരണം ഇത് അനിവാര്യമാണെന്നും ഗോയൽ കൂട്ടിച്ചേർത്തു.
അസമിൽ പൗരത്വത്തിന് പ്രത്യേക വ്യവസ്ഥകൾ നിലനിൽക്കുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) ഇവിടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണ്.
എൻ.ആർ.സി വിവരങ്ങൾ പൗരത്വത്തിന് അവശ്യതെളിവായിരിക്കും. ഈ സാഹചര്യത്തിലാണ് അസമിൽ എസ്.ഐ.ആറിന് പകരം എസ്.ആറിന് ഉത്തരവിട്ടത്.
ബൂത്ത് ലെവൽ ഓഫിസർമാർ വീട്ടിലെത്തി വിവരങ്ങൾ തേടും. നിലവിലെ വോട്ടർപട്ടികയിലുള്ളവർ യാതൊരുവിധ രേഖകളും ഹാജരാക്കേണ്ടതില്ല. മുതിർന്ന അംഗത്തിന്റെ ഉറപ്പ് മാത്രം മതിയാകും.
പുതിയ അംഗങ്ങൾക്ക് വീട്ടിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങൾ നൽകി വോട്ടർപട്ടികയിൽ പേരുചേർക്കാമെന്നും ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.