ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതക്ക് എബോള വൈറസ് എന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 കരിക്കാണ് എബോള വൈറസ് ഉണ്ടോ എന്ന് മെഡിക്കൽ സംഘം സംശയിക്കുന്നത്.
പനിയെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു യുവതി. യുവതിയുടെ സ്വദേശം സുഡാൻ ആയതുകൊണ്ടും പനി സംബന്ധിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സംശയങ്ങൾ ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഇടപ്പെട്ട് യുവതിയെ കോട്ടയത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. നിലവിൽ മെഡിക്കൽ കോളജിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇവർ.
ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നു പിടിച്ച എബോള വൈറസിന്റെ രോഗ ലക്ഷണങ്ങൾ യുവതിയിൽ ഉള്ളതുകൊണ്ടുള്ള സംശയം മാത്രമാണ് ആരോഗ്യ വകുപ്പിനുള്ളത്. അതിനാൽ തന്നെ കൃത്യമായ ജാഗ്രത നിർദേശം നൽകി ഒരു പ്രത്യേക സംഘത്തെ തന്നെ ഇവരെ നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗ ലക്ഷങ്ങൾ കൃത്യമായി പ്രകടിപ്പിച്ച് കഴിഞ്ഞാൽ, മുന്നൊരുക്കങ്ങൾ എടുക്കാനുള്ള സജ്ജീകരണങ്ങൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
എബോള വൈറസ് മൂലമുണ്ടാകുന്ന, വായുവിലൂടെയല്ലാതെ ശരീരസ്രവങ്ങളിലൂടെ പകരുന്ന ഒരു രോഗമാണിത്. കടുത്ത പനി, പേശി വേദന, ഛർദ്ദി, വയറിളക്കം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. രോഗബാധയേറ്റ ആളുകളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഇത് പകരുന്നത് എന്നതിനാൽ വിമാനത്താവളങ്ങളിൽ കടുത്ത നിരീക്ഷണമാണ് ഏർപ്പെടുത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.