തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിഭവസമാഹരണവും യഥാർഥ ധനസ്ഥിതിയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ധവളപത്രം അടിവരയിട്ട പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലും മുണ്ടുമുറക്കിയുടുക്കലും മാത്രമല്ല, വരുമാന വർധനവിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും. ഇന്ദിര ഗാരന്റിയിൽ പ്രഖ്യാപിച്ച വയോജന വകുപ്പ് യാഥാർഥ്യമായെങ്കിലും വയോജന ക്ഷേമത്തിന് വിപുല പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതി കുടിശ്ശിക പിരിച്ചെടുക്കാനും സ്വർണവിപണി പോലുള്ള പ്രധാന മേഖലകളിൽനിന്ന് ജി.എസ്.ടി സമാഹരണം ഊർജിതമാക്കാനും നികുതി വകുപ്പിനെ സമഗ്രമായി പരിഷ്കരിക്കാൻ ആലോചന സജീവമാണ്.
പ്രിയദർശിനി സൗജന്യ യാത്ര പോലുള്ള പദ്ധതികൾ വലിയ ജനകീയ വിജയം കൈവരിച്ചെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് വരുത്തിവെക്കുന്ന വൻ സാമ്പത്തിക ബാധ്യത താങ്ങാൻ ഖജനാവിനെ പ്രാപ്തമാക്കുക പ്രധാനമാണ്. ഇടതുസർക്കാർ അവസാന മാസങ്ങളിൽ തുടങ്ങിവെച്ച സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി തുടർന്നേക്കും. പക്ഷേ, ഗുണഭോക്തൃ പട്ടികയിലടക്കം വിശദമായ പുനഃപരിശോധനകൾക്ക് സാധ്യതയുണ്ട്.
പൊതുമേഖല സ്ഥാപനങ്ങളുടെ പുനഃക്രമീകരണവും കിഫ്ബിയെ പൂർണമായി ധനവകുപ്പിന് കീഴിൽ കൊണ്ടുവരുന്നതുമടക്കം പുനഃസംഘടനാ നീക്കങ്ങളുമുണ്ടായേക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ കനത്ത നഷ്ടം വലിയ വെല്ലുവിളിയാണ്. ഇതിൽനിന്ന് രക്ഷനേടാൻ തന്ത്രപ്രധാനമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങളെ ലയിപ്പിക്കാൻ സാധ്യതയുണ്ട്. ഉയർന്ന ലാഭമുണ്ടാക്കുന്ന ബിവറേജസ് കോർപ്പറേഷനെ നഷ്ടത്തിലോടുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷനുമായി ലയിപ്പിക്കണമെന്ന ധവളപത്ര ശിപാർശകളുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.