കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം

തിരുവനന്തപുരം: കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്‌മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകള്‍ക്ക് അംഗീകാരം ലഭിച്ചത്. രാജ്യത്ത് 114 റയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അവയില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചത് കേരളത്തിനാണ്.

തിരുവനന്തപുരം, കൊല്ലം, വര്‍ക്കല, കരുനാഗപ്പള്ളി, ആലപ്പുഴ, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ആലുവ,അങ്കമാലി, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം ലഭിച്ചത്.

കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണിതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ അടുത്തിടെ കേരളം ദേശീയ തലത്തില്‍ ആദ്യമായി ഒന്നാം സ്ഥാനം നേടിയിരുന്നു. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനം നേടി 2022-23 കാലയളവില്‍ റെക്കോര്‍ഡിട്ടു. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി. 'നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്‍' ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.

ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ക്ലീന്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നീ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പും യാഥാര്‍ത്ഥ്യമാക്കി. ഇത് കൂടാതെയാണ് ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Eat Right Station approved for 21 railway stations in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.