ചട്ടലംഘനവും അന്വേഷണപരിധിയില്‍; ഫയലുകള്‍ മന്ത്രി വിളിപ്പിച്ചു

തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്‍െറ ഭൂമിപതിവുമായി ബന്ധപ്പെട്ട ചട്ടലംഘനം അടക്കം അന്വേഷണപരിധിയില്‍. സെക്രട്ടേറിയറ്റിലെ റവന്യൂവകുപ്പില്‍നിന്ന് ലോ അക്കാദമി സംബന്ധിച്ച ഫയലുകള്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിളിപ്പിച്ചു. പരിശോധിക്കാന്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെചുമതലപ്പെടുത്തി. അക്കാദമിക്ക് വിട്ടുകൊടുത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, പൊതുപ്രവര്‍ത്തകന്‍ സി.എല്‍. രാജന്‍ എന്നിവര്‍ നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ലോ അക്കാദമി കൈവശം വെച്ചിരിക്കുന്നത് സര്‍ക്കാര്‍ഭൂമിയാണോ, സര്‍ക്കാര്‍ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ, സ്വകാര്യ ആവശ്യത്തിന് ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടോ, ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയും പി.ജെ. ജോസഫ് റവന്യൂമന്ത്രിയുമായ കാലത്ത് 1984 ജൂണ്‍ 20ന് ചേര്‍ന്ന മന്ത്രിസഭയോഗമാണ് ചെട്ടിവിളാകം വില്ളേജില്‍ സര്‍വേ നമ്പര്‍ 1342/9 എ-യിലും 10എ-യിലുംപെട്ട 11.29 ഏക്കര്‍ ഭൂമി അക്കാദമിക്ക് പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. അതിനുമുമ്പ് 30 വര്‍ഷം ഈ ഭൂമി അക്കാദമിക്ക് പാട്ടത്തിന് നല്‍കിയിരുന്നു.
 

എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വില്ളേജ് ഓഫിസിലെ ബി.ടി.ആര്‍ രേഖകളും പരിശോധിക്കും. വിദ്യാഭ്യാസ ആവശ്യത്തിനേ വിനിയോഗിക്കാവൂ, ഭൂമി കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പാടില്ല, ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ പണയപ്പെടുത്താനോ ഈടുവെക്കാനോ പാടില്ല, അനുവദിച്ച ആവശ്യത്തിന് സ്ഥലം വേണ്ടാതെവന്നാല്‍ സംസ്ഥാനസര്‍ക്കാറിനെ തിരികെ ഏല്‍പിക്കണം, കൈയേറ്റങ്ങളില്‍നിന്ന് ഭൂമി സംരക്ഷിക്കണം തുടങ്ങിയ വ്യവസ്ഥയോടെയാണ് ഭൂമി പതിച്ചുനല്‍കിയത്. നിബന്ധനകള്‍ ലംഘിച്ചാല്‍ ഉപാധിരഹിതമായി ചമയങ്ങളുള്‍പ്പെടെ സ്ഥലം സര്‍ക്കാറിന് തിരിച്ചുപിടിക്കാമെന്ന വ്യവസ്ഥയുണ്ട്.

അതുപോലെ നാരായണന്‍ നായര്‍ സെക്രട്ടറിയായി രൂപവത്കരിച്ച ട്രസ്റ്റിന്‍െറ, സെക്രട്ടേറിയറ്റിന് 100 മീറ്റര്‍ അകലെയുള്ള 37.5 സെന്‍റ് സ്ഥലത്തിന്‍െറ രേഖകളും പരിശോധിക്കും. വഞ്ചിയൂര്‍ വില്ളേജിലുള്ള എട്ടുനില ഫ്ളാറ്റാണ് പണിതത്. വിപണിയില്‍ 20 കോടിയിലധികം വിലവരുന്നതാണ് ഭൂമി. കേരള സര്‍വകലാശാലയില്‍ അഫിലിയേഷനുള്ള ഗവേഷണകേന്ദ്രത്തിനും അഡ്മിനിസ്ട്രേറ്റിവ് ഓഫിസിനുമാണ് ഭൂമി നല്‍കിയത്.
2009ല്‍ ഇവിടെ വാണിജ്യ ആവശ്യത്തിനായി 10നില കെട്ടിടം നഗരസഭയുടെ എതിര്‍പ്പ് മറികടന്ന് നിര്‍മിച്ചിട്ടുണ്ട്. റബര്‍ കൃഷിക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ക്വാറി നടത്തിയ പരാതിയില്‍ റവന്യൂ വകുപ്പ് പതിവ് റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. അത് ലോ അക്കാദമി ഭൂമിപതിവിനും ബാധകമാണ്.
അതേസമയം, നിയമപ്രകാരം പതിച്ചുനല്‍കിയ ഭൂമി ഏറ്റെടുക്കാനുള്ള ഏതു നീക്കത്തെയും മാനേജ്മെന്‍റ് നിയമപരമായി നേരിടാനാണ് സാധ്യത.

 

Tags:    
News Summary - e chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.