സ്വന്തം പരാതിയില്‍ ഡിവൈ.എസ്.പിക്ക് ജാമ്യമില്ലാ വാറന്‍റ്

മലപ്പുറം: ഒൗദ്യോഗിക രഹസ്യം ചോര്‍ത്തിയെന്നാരോപിച്ച് വിവരാവകാശ പ്രവര്‍ത്തകനെതിരെ ഡിവൈ.എസ്.പി നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനുതന്നെ ജാമ്യമില്ലാ വാറന്‍റ്. ക്രൈംബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റ് ഐ.എസ്.ഐ.ടി വിഭാഗം ഡിവൈ.എസ്.പി എസ്. അഭിലാഷിനെതിരെയാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ 20ന്, കേസിലെ ഒന്നാംസാക്ഷിയായ ഡിവൈ.എസ്.പി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. 2013ല്‍ അഭിലാഷ് മലപ്പുറം ഡിവൈ.എസ്.പി ആയിരിക്കെ അന്നത്തെ കരിപ്പൂര്‍ എസ്.ഐ കെ. ശ്രീകുമാറിനും കൊണ്ടോട്ടി സി.ഐ ആയിരുന്ന എ. പ്രേംജിത്തിനും എതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോജ് കേതാരം സേവനാവകാശ നിയമപ്രകാരം നല്‍കിയ പരാതിയാണ് ഉദ്യോഗസ്ഥന് കെണിയായത്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പെരിങ്ങാവ് സ്കൂളിലെ അധ്യാപകനെതിരെ എസ്.ഐയും സി.ഐയും നടപടിയെടുത്തില്ളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മനോജ് സേവനാവകാശ നിയമം രണ്ടാം അപ്പീല്‍ അധികാരി കൂടിയായ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.

എന്നാല്‍, ഈ പരാതിയില്‍ എസ്.ഐ, സി.ഐ എന്നിവരെ ശാസിക്കുക മാത്രമാണ് ചെയ്തത്. ഇത് സേവനാവകാശ ചട്ടലംഘനമാണെന്ന് കാണിച്ച് മനോജ് ഡിവൈ.എസ്.പിക്ക് വിവരാവകാശ അപേക്ഷ നല്‍കി. സേവനാവകാശത്തിന്‍െറ ഏതൊക്കെ ചട്ടമനുസരിച്ചാണ് രണ്ടുപേരെയും നടപടിയില്‍ നിന്നൊഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. ഇതിന് 2013 ആഗസ്റ്റ് 14ന്​തന്നെ ഡിവൈ.എസ്.പി മറുപടി നല്‍കി.
പിന്നീട് ഇതേമാസം 18, 19 തീയതികളില്‍ മലപ്പുറം ഡിവൈ.എസ്.പി ഓഫിസിലേക്ക് മനോജിനെ വിളിച്ചുവരുത്തുകയായിരുന്നു. അപ്പീലിലെ സംശയനിവാരണത്തിനെന്ന് പറഞ്ഞാണിത്. എന്നാല്‍, അപ്പീലില്‍ മറുപടി നല്‍കിയതിന് ശേഷം സ്റ്റേഷനിലേക്ക് വിളിപ്പിച്ചതില്‍ സംശയം തോന്നിയ മനോജ് മൊബൈല്‍ ഫോണില്‍ വോയ്സ് റെക്കോഡിട്ടാണ് ഡിവൈ.എസ്.പി.ക്ക് മുന്നിലത്തെിയത്. തുടര്‍ന്നാണ് ഡിവൈ.എസ്.പി മനോജിനെതിരെ കോടതിയെ സമീപിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ടി) ആക്റ്റിലെ 72, 72 (എ) വകുപ്പ് പ്രകാരമായിരുന്നു കേസ്.

എന്നാല്‍, 19നുണ്ടായ സംഭവത്തില്‍ 23നാണ് ഡിവൈ.എസ്.പി പരാതി നല്‍കിയത്. പൊലീസ് കംപ്ളയിന്‍സ് അതോറിറ്റിയില്‍ ഡിവൈ.എസ്.പിക്കെതിരെ മനോജും പരാതി നല്‍കി. തൃശൂര്‍ പൊലീസ് അക്കാദമിയിലെ ഐ.ടി അധ്യാപികയോട് നിയമോപദേശം തേടിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നായിരുന്നു അതോറിറ്റിക്ക് മുമ്പാകെ ഡിവൈ.എസ്.പി കാരണം ബോധിപ്പിച്ചത്. എന്നാല്‍, വിശദീകരണം നല്‍കുന്ന സമയത്ത് അക്കാദമിയില്‍ ഡിവൈ.എസ്.പി സൂചിപ്പിച്ച അധ്യാപിക ജോലി ചെയ്തിരുന്നില്ല.

Tags:    
News Summary - dysp got warrant without bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.