പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ശൈലിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിൽ രൂക്ഷ വിമർശനം. പിണറായിയുടെ പല പരാമർശങ്ങളും തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും വലിയ ദോഷം ചെയ്തതായി സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ കുറ്റപ്പെടുത്തി.
പ്രത്യേകിച്ച്,‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പിണറായി വിജയന്റെ പ്രയോഗം അങ്ങേയറ്റം ദൗർഭാഗ്യകരവും ജനങ്ങൾക്കിടയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും തിരുവല്ലയിൽ നിന്നുള്ള പ്രതിനിധി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പിണറായിയെ വിമർശിച്ചതിന്റെ പേരിൽ തനിക്ക് ഇനി ‘കടക്ക് പുറത്ത്’ എന്ന മറുപടി ലഭിക്കില്ലെന്ന് കരുതുന്നതായും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടെന്നും, താഴെത്തട്ടിലെ പ്രവർത്തകരുടെ അതൃപ്തിയാണ് ഈ വിമർശനങ്ങളിലൂടെ പുറത്തുവന്നതെന്നും നിരീക്ഷിക്കപ്പെടുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കളായ എം.എ. ബേബിയും മുൻ മന്ത്രി പി. രാജീവും കഴിഞ്ഞ ദിവസം നടത്തിയ വിമർശനങ്ങളും ചർച്ചയായി. മലപ്പുറത്ത് നടന്ന ‘ഇ.എം.എസിന്റെ ലോകം’ സെമിനാറിലായിരുന്നു നേതാക്കളുടെ തുറന്നുപറച്ചിൽ.
‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന തരത്തിലുള്ള അമിതമായ ആത്മവിശ്വാസം ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്ന് പി. രാജീവ് സമ്മതിച്ചു. വെള്ളാപ്പള്ളി നടേശൻ വിഷയത്തിലെ നിലപാടുമാറ്റവും, ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്വീകരിക്കേണ്ടിയിരുന്ന കർശന നടപടികൾ ഒഴിവാക്കിയതും തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത എതിരാളികൾക്ക് പാർട്ടിക്കെതിരെ ആയുധം നൽകുമെങ്കിൽ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന്, എം.വി. ഗോവിന്ദനെ പരോക്ഷമായി ലക്ഷ്യമിട്ടുകൊണ്ട് എം.എ. ബേബി ഓർമിപ്പിച്ചു.
നേതാക്കൾ സംസാരിക്കുമ്പോൾ ജനങ്ങൾക്ക് ഉൾക്കൊള്ളാവുന്ന കാര്യങ്ങൾ മാത്രമേ പറയാവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ, പാർട്ടി അടിത്തറയിലേക്ക് വലതുപക്ഷ ചിന്തകൾ നുഴഞ്ഞുകയറുന്നുണ്ടോ എന്നും, ആർ.എസ്എസിന്റെ സംഘടനാപരമായ ഇടപെടലുകൾ ഗൗരവത്തോടെ കാണണമെന്നും ബേബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.