കനത്ത മഴ; സഹായത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി എം.പിമാർ

ന്യൂഡൽഹി: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് കേന്ദ്ര സർക്കാർ ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകണമെന്നും പ്രത്യേക കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ച് നാശനഷ്ടം തിട്ടപ്പെടുത്തി അർഹമായ സാമ്പത്തിക സഹായം നൽകണമെന്നും കേരളത്തിൽ നിന്നുള്ള എം.പിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിക്ക് ഇത് സംബന്ധിച്ച നിവേദനം നൽകി.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതെന്ന് നിവേദനത്തിൽ പറയുന്നു. ഏകദേശം 20 പേർ മരിച്ചതായും ഏഴു പേരെ കാണാതായതായും ഉണ്ട്. നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. 353 ദുരിതാശ്വാസ ക്യാമ്പുകളിലായി 13,496 പേരെ മാറ്റിപ്പാർപ്പിച്ചു.

ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഒരു കേന്ദ്ര സംഘത്തെ നിയോഗിച്ച് നഷ്ടം വിലയിരുത്തി ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ എം.പിമാരായ ആന്റോ ആന്റണി, കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുൾ സമദ് സമദാനി, എം.കെ. രാഘവൻ, കെ. സുധാകരൻ, കെ. ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹനാൻ, കെ. രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ജെബി മേത്തർ, പി.വി. അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ എന്നിവർ ഒപ്പുവെച്ചു.

Tags:    
News Summary - കനത്ത മഴ; സഹായത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി എം.പിമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.