മന്ത്രി വീണ ജോർജിനെതിരായ ആക്രമണം; സർക്കാറിന് രാഷ്ട്രീയ ‘ലൈഫ്‌ലൈൻ’

തിരുവനന്തപുരം: മന്ത്രി വീണ ജോർജിനെതിരെ കണ്ണൂരിലുണ്ടായ ആക്രമണം സംസ്ഥാന രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്ന ചൂടേറിയ രാഷ്ട്രീയപ്പോരിന് വഴിമാറുന്നു. സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി തെരുവിലിറങ്ങിയ സി.പി.എം, സർക്കാറിനെതിരായ ആരോപണങ്ങളെ മറയിടുംവിധം വിഷയം സജീവമാക്കി നിർത്താനുള്ള ശ്രമത്തിലാണ്.

മുഖ്യമന്ത്രി ആശുപത്രിയിലെത്തി വീണ ജോർജിനെ സന്ദർശിച്ചതിന് പിന്നാലെ, സംസ്ഥാന നേതാക്കൾ ഒന്നിന് പിറകേ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതും സാമൂഹികമാധ്യമങ്ങളിലെ രോഷപ്രകടനവും സംഭവം ഗൗരവത്തോടെ സി.പി.എം ഏറ്റെടുക്കുന്നുവെന്നത് അടിവരയിടുന്നു.

സംഭവത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ അൽപമൊന്ന് പകച്ച കോൺഗ്രസ്, പിന്നാലെ മന്ത്രിയെ ആക്രമിച്ചെന്നത് നാടകമാണെന്ന പ്രതിരോധത്തിലേക്കും ആക്രമിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവിടാൻ വെല്ലുവിളിക്കുന്നതിലേക്കും നിലപാട് കടുപ്പിച്ചു. 30 പൊലീസുകാർക്ക് നടുവിൽ മൂന്ന് കെ.എസ്.യുക്കാർ മന്ത്രിയെ ആക്രമിക്കുന്നത് എങ്ങനെയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. പുറത്തുവന്ന ഒരു ദൃശ്യത്തിലും മന്ത്രിയെ കൈയേറ്റം ചെയ്യുന്നതിന് ഒരു തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങളെ തള്ളിയും പ്രതിഷേധക്കാർ മന്ത്രിയെ തൊട്ടിട്ടില്ലെന്ന് വ്യക്തമാക്കിയും കെ.പി.സി.സി പ്രസിഡന്റും രംഗത്തെത്തിയോടെ അൽപനേരം ഇരുട്ടിലായിരുന്ന കോൺഗ്രസ് സൈബർവിങ്ങും പ്രതിരോധവും ചോദ്യങ്ങളുമായി സജീവമായി. മന്ത്രി ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ സഹതാപം നേടാനുള്ള രാഷ്ട്രീയനാടകമായി യു.ഡി.എഫ് അണികൾക്കിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. ഒപ്പം 2013ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവം യു.ഡി.എഫ് ഓർമിപ്പിക്കുന്നു.

പ്രതികരണങ്ങളിൽ മന്ത്രിമാരും മുതിർന്ന നേതാക്കളുമെല്ലാം ഉന്നമിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. സംഭവം നടന്ന് രണ്ടുമണിക്കൂറിനുള്ളിൽ ‘‘ഈ ആക്രമണം കേവലം ഒരു വൈകാരിക പ്രകടനമല്ല, മറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവോടെ നടന്ന ആസൂത്രിത ഗൂഢാലോചനയാണ്’’ എന്നാണ് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചത്. ആരോഗ്യമേഖലയിലെ വീഴ്ചകൾക്ക് നടുവിൽ കടുത്ത പ്രതിരോധത്തിലായിരുന്നു ആരോഗ്യ വകുപ്പ്. ഒപ്പം സ്വർണക്കൊള്ള വിവാദവും അയ്യപ്പ സംഗമത്തിലെ പൊരുത്തപ്പെടാത്ത കണക്കുകളും ഡേറ്റ ചോർച്ച ആരോപണങ്ങളും വലിയ തലവേദനയാകുന്ന ഘട്ടത്തിൽ സർക്കാറിനും സി.പി.എമ്മിനും വിഷയം ലൈഫ് ലൈനിന് സമാനമാണ്. ആസന്നമായ തെരഞ്ഞെടുപ്പിൽ ആരോഗ്യമേഖലയെ കുറിച്ച ചർച്ചകൾക്ക് ‘വനിതയായ ആരോഗ്യമന്ത്രിക്ക്’ നേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാകും സി.പി.എം തടയിടുക.

Tags:    
News Summary - Attack against minister Veena George; CPM takes chance to survive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.