തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കണ്ണിലെ കൃഷ്ണമണികൾ ശസ്ത്രക്രിയ ചെയ്ത് നീക്കിയതായി ആരോപണം. വാഹനാപകടത്തെ തുടർന്ന് മുട്ടുവേദനക്ക് ചികിത്സ തേടിയ തൃശൂർ തൃക്കൂർ മുളങ്ങാട്ടുപറമ്പിൽ സനൂപിനാണ് കാഴ്ച നഷ്ടമായത്. 2023 ജൂണിലാണ് സനൂപ് പിതാവിനോടൊപ്പം ചികിത്സ തേടിയത്. കട്ടിലിൽ ഒഴിവില്ലാത്തതിനാൽ തറയിലാണ് കിടത്തിയത്. മതിയായ ചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്. ദിവസങ്ങൾക്കുശേഷം മാതാവ് വത്സല മകനെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ സംസാരിക്കാനോ നടക്കാനോ എഴുന്നേറ്റിരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. ഡ്രിപ്പ് കുത്തിയതിനെ തുടർന്ന് കൈപ്പത്തി നീരുവന്ന് വീർത്തിരുന്നു.
പിന്നീട് വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് സനൂപിനെ ഐ.സി.യുവിലേക്ക് മാറ്റി. 22 ദിവസം കഴിഞ്ഞ് ഐ.സി.യുവിൽനിന്ന് പുറത്തുകൊണ്ടുവന്നശേഷം കണ്ണിന് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് വത്സല പറയുന്നു. മുട്ടുവേദനക്ക് കണ്ണിന് ശസ്ത്രക്രിയ എന്തിനാണെന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ശസ്ത്രക്രിയക്കുശേഷം കണ്ണിലെ കെട്ടഴിച്ചു മാറ്റിയപ്പോഴാണ് കൃഷ്ണമണി നീക്കിയ കാര്യം അറിയുന്നത്. ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് ജില്ല ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. പ്രമേഹം, ബ്ലാക്ക് ഫംഗസ് എന്നീ രോഗങ്ങളാണ് സനൂപിന് ഉണ്ടായിരുന്നതെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ചികിത്സാരേഖകളൊന്നും നൽകാത്തതിനാൽ തുടർചികിത്സ തേടാനായില്ലെന്ന് സനൂപ് പറയുന്നു. പിന്നീട് വിവരാവകാശ അപേക്ഷ പ്രകാരമാണ് മെഡിക്കൽ കോളജിൽനിന്ന് ചികിത്സാരേഖകൾ ലഭ്യമാക്കിയത്. രേഖകളുമായി മറ്റൊരു ആശുപത്രിയിൽ പോയപ്പോൾ കാഴ്ചശക്തി ലഭിക്കാൻ സാധ്യത കുറവാണെന്നാണ് അറിയിച്ചത്. ടൈൽ ജോലി ചെയ്താണ് സനൂപ് കുടുംബം പുലർത്തിയിരുന്നത്. വയോധികരായ പിതാവും മാതാവും ഏഴ് വയസ്സുള്ള മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം സനൂപിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതോടെ ഇല്ലാതായി.
ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മാതാവ് വത്സല വീട്ടുജോലി ചെയ്താണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്. പൊലീസിലും മുഖ്യമന്ത്രിക്ക് മടക്കം പരാതി നൽകിയെങ്കിലും നടപടിയെന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. അതിനിടെ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റും മുൻഎം.എൽ.എയുമായ അനിൽ അക്കരെ തൃക്കൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കൊപ്പം സനൂപിനെ സന്ദർശിച്ച് നിയമപരവും സാമൂഹികവുമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.