വിടാതെ കരിങ്കൊടിപ്പട; തട്ടിക്കയറി മന്ത്രി

കണ്ണൂർ: മന്ത്രി വീണാ ജോർജിനു നേരെ കരിങ്കൊടി പ്രതിഷേധ വേലിയേറ്റമായിരുന്നു ഇന്നലെ കണ്ണൂരിൽ. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രാവിലെ മന്ത്രി വന്നിറങ്ങിയതു മുതൽ കടന്നുപോയ വഴികളിലെല്ലാം എതിരേറ്റത് കരിങ്കൊടിപ്പട. പത്തോളം കരിങ്കൊടി പ്രതിഷേധം നേരിട്ട് തലസ്ഥാനത്തേക്ക് മടങ്ങാനായി മന്ത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴും പ്രതിഷേധക്കാർ വിട്ടില്ല.

മൂന്നരയുടെ വന്ദേഭാരത് എക്സ്പ്രസിൽ കയറാനായി മന്ത്രി സ്റ്റേഷനിലെ മുഖ്യകവാടത്തിലൂടെ അകത്തേക്ക് കയറിയയുടൻ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീണു. മന്ത്രിക്ക് വനിതാപൊലീസ് ഉൾപ്പെടെയുള്ളവർ സുരക്ഷാവേലിയൊരുക്കി. പ്രതിഷേധക്കാരെ മുഴുവൻ പൊലീസ് തള്ളിമാറ്റുമ്പോൾ മന്ത്രി അവരുടെ അടുത്തേക്ക് നടക്കാൻ ശ്രമിച്ചത് ആശങ്ക പടർത്തി. പൊലീസ് കൈകോർത്തുപിടിച്ച് വേലിയൊരുക്കി ഇത് തടഞ്ഞു. ‘തനിക്ക് എന്താ അകത്തേക്ക് കടക്കാൻ പറ്റില്ലേ’ എന്നുചോദിച്ചാണ് മന്ത്രി പ്രതിഷേധക്കാർക്കു നേരെ തിരിഞ്ഞത്. കണ്ണൂർ ടൗൺ എസ്.ഐ ദീപ്തി ഏറെ പണിപ്പെട്ടാണ് മന്ത്രിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. ഒന്നാം പ്ലാറ്റ് ഫോമിലൂടെ മന്ത്രി വന്ദേഭാരത് ട്രെയിനിൽ കയറാനായി മേൽപാലത്തിലൂടെ മൂന്നാം പ്ലാറ്റ് ഫോമിലേക്ക് എത്തി. അതിനിടെയും മന്ത്രി ചിലരോട് ‘നിങ്ങൾക്ക് എന്ത് വേണം’ എന്ന് പറഞ്ഞ് തിരിച്ചുനടന്നുവരുന്നത് ദൃശ്യങ്ങളിലുണ്ട്.

ട്രെയിൻ വരുന്നതിനു മിനിറ്റുകൾക്കു മുമ്പാണ് കഴുത്തിന്റെ വലത് ഭാഗത്ത് വേദനയുള്ള കാര്യം സ്പീക്കർ എ.എൻ. ഷംസീറിനോട് മന്ത്രി പറയുന്നത്. ഇക്കാര്യം ഉടൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ അറിയിച്ചു. ഇതിനു ശേഷമാണ് മന്ത്രിയെ ജില്ല ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയശേഷമാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റെങ്കിലും കെ.എസ്.യു പ്രവർത്തകർ മർദിച്ചതിന്റെ ദൃശ്യങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇക്കാര്യമാണ് കെ.എസ്.യു നേതാക്കൾ മുതൽ കെ.പി.സി.സി പ്രസിഡന്റ് വരെയുള്ളവർ പറയുന്നതും.

ബുധനാഴ്ച രാവിലെ കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരിലെത്തിയത്. മന്ത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമെന്നാണ് ആദ്യമറിയിച്ചിരുന്നത്. പ്രതിഷേധം കണക്കിലെടുത്താണ് തലശ്ശേരിയിൽ മന്ത്രി ട്രെയിനിറങ്ങിയത്. കരിങ്കൊടി പ്രതിഷേധം പൂമാലയായി കാണുമെന്നാണ് മന്ത്രി കണ്ണൂരിൽ അവസാനമായി സംസാരിച്ചത്. അതിനു പിന്നാലെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ അനിഷ്ട സംഭവങ്ങളും. 

Tags:    
News Summary - Black flag protest; minister loose her cool at ksu members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.