‘‘പൊലീസുകാർ ജോയലിനെ തല്ലിച്ചതച്ചു, പലതവണ തല ചുവരിൽ ഇടിപ്പിച്ചു, നാഭിക്ക് ചവിട്ടി...’’; ഡി.വൈ.എഫ്.ഐ നേതാവ് ജോയലിന്‍റെ മരണം കസ്റ്റഡി മർദനത്തെത്തുടർന്നെന്ന്​

അടൂര്‍: ഡി.വൈ.എഫ്.ഐ നേതാവിന്റെ മരണം കസ്റ്റഡി മർദനത്തെത്തുടർന്നാണെന്ന ഗുരുതര ആരോപണവുമായി കുടുംബം. അടൂർ മേഖല സെക്രട്ടറിയായിരുന്ന അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍വീട്ടില്‍ ജോയലിന്‍റെ (29) മരണം അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാരക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

ജോയൽ അഞ്ചുവർഷം മുമ്പാണ്​ മരിച്ചത്​. അടൂര്‍ നെല്ലിമുകളിലുണ്ടായ വാഹനാപകടത്തി​ലെ തർക്കവുമായി ബന്ധപ്പെട്ട്​ 2020 ജനുവരി ഒന്നിനാണ്​ അടൂർ പൊലീസ്​ ജോയലിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ചശേഷം ക്രൂരമർദനത്തിനിരയാക്കിയെന്ന്​ സംഭവത്തിന് ദൃക്ഷസാക്ഷിയായ പിതൃസഹോദരി കെ.കെ. കുഞ്ഞമ്മ പറയുന്നു. അടൂർ സി.ഐയായിരുന്ന യു. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ഇയാൾ പിന്നീട്​ വിരമിച്ചു. സി.ഐക്ക്​ പുറമേ ഷിജു പി. സാം, ജയകുമാർ, ശ്രീകുമാർ, സുജിത്ത്, സുരേഷ് എന്നീ പൊലീസുകാരും ജോയലിനെ തല്ലിച്ചതച്ചു. പലതവണ ജോയലിന്റെ തല ചുവരിൽ ഇടിപ്പിച്ചു, ഇടിയേറ്റ് തെറിച്ചുവീണു. കഴുത്തില്‍ അരിവാളും ചുറ്റികയുമുള്ള മാലയുണ്ടായിരുന്നു. ഇത്​ കണ്ടതും ‘നിന്‍റെ ചുറ്റിക’യെന്ന്​ പറഞ്ഞ് എന്റെ കുഞ്ഞിന്റെ നാഭിക്ക് ചവിട്ടി -കുഞ്ഞമ്മ കണ്ണീരോടെ പറയുന്നു.

സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ ജോയലിന്റെ പിതാവിനും പിതൃസഹോദരിയായ കുഞ്ഞമ്മക്കും മർദനമേറ്റിരുന്നു. എന്‍റെ വയറ്റിൽ ബൂട്ടിട്ട് തുടർച്ചയായി ചവിട്ടി. ഇനി കേസിനോ വഴക്കിനോ പോയാൽ നൂറ്​ കേസ് ചുമത്തുമെന്ന് പറഞ്ഞ് സി.ഐ ഭീഷണിപ്പെടുത്തി. ജോയലിനെ മര്‍ദിച്ചതിൽ ചില സി.പി.എം നേതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു. ചില നേതാക്കള്‍ക്കെതിരെ ജോയൽ പ്രതികരിച്ചതാണ് വിരോധത്തിന് കാരണമെന്നും കുഞ്ഞമ്മ ആരോപിക്കുന്നു.

പൊലീസ് മർദനത്തിനുശേഷം ജോയൽ സ്ഥിരമായി രക്തം ഛർദിച്ചു. മൂത്രത്തിൽ രക്തവും പഴുപ്പും കാണുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ മേയ് 22നാണ്​ ജോയൽ മരിച്ചത്. മരണത്തിനുപിന്നാലെ ബന്ധുക്കൾ കസ്​റ്റഡി മർദനമെന്ന പരാതിയുമായി രംഗത്തെത്തിയെങ്കിലും ഹൃദയാഘാതമാണ്​ കാരണമെന്നായിരുന്നു പൊലീസ് വിശദീകരണം.

പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെല്ലുന്നിടത്തുവെച്ചാണ് മകനെ പൊലീസ് ആക്രമിച്ചതെന്നും സംഭവത്തിൽ പ്രധാനമന്ത്രിക്ക്​ പരാതി നൽകുമെന്നും​ ജോയലിന്റെ പിതാവ് ജോയിക്കുട്ടി പറഞ്ഞു. അവന് മറ്റ്​ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് പറ‍യുന്നു.

കസ്റ്റഡി മർദനത്തില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ഡി.ജി.പിക്കും അടക്കം പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ല. അടൂർ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.

Tags:    
News Summary - DYFI leader Joel's death was caused by custodial torture says family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.