ദുരിതാശ്വാസ നിധിയിലേക്ക്​ ഡി.വൈ.എഫ്​.ഐ 10.95 കോടി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്​.ഐ 10,95,86,537 രൂപ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യൂനിറ്റ്​ തലങ്ങളിൽ പ്രവർത്തകർ വീടുകളും സ്​ഥാപനങ്ങളും സന്ദർശിച്ച്​ ശേഖരിച്ച പഴയ സാധനങ്ങൾ വിറ്റും സന്നദ്ധസേവനത്തിലൂടെയുമാണ്​ ഈ തുക സമാഹരിച്ചത്​.​ ഇതിനായി റീസൈക്കിൾ കേരള എന്ന കാമ്പയിൻ നടത്തിയിരുന്നു.

എന്തു പ്രതിസന്ധി വന്നാലും സ്വന്തം സമൂഹത്തിനു വേണ്ടി പോരാടാൻ തയ്യാറുള്ള മനസ്ഥിതിയുടെ ആവേശജനകമായ ഉദാഹരണമാണ് ഡി.വൈ.എഫ്​.ഐയുടെ ഈ പ്രവർത്തനമെന്ന്​ മുഖ്യമന്ത്രി പ്രശംസിച്ചു. നൂറു കണക്കിന് യുവാക്കൾ പഴയ സാധനങ്ങൾ വീടുകളിൽ നേരിട്ട് പോയി ശേഖരിച്ചും പത്രം വിറ്റും കരിങ്കൽ ചുമന്നും കക്കവാരിയും മീൻപിടിച്ചും റോഡുപണി ചെയ്തും കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും, വൈകാരികതയോടെ സൂക്ഷിച്ചു വച്ച പഴയ സാധനങ്ങളൾ വിൽപന നടത്തിയും പഴയ വാഹനങ്ങൾ ആക്രിയായി വിൽപന നടത്തിയുമാണ്​ ഈ തുക ശേഖരി​ച്ചതെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളാണ് ഏതു സമൂഹത്തി​െൻറയും നട്ടെല്ല്. അതു ശക്തമാണെങ്കിൽ ഏതു പ്രതിസന്ധിക്ക് മുന്നിലും തലയുയർത്തി കാലിടറാതെ നമ്മൾ മു​ന്നോട്ടുപോകും. കേരളത്തിലെ യുവാക്കൾ ഈ സമൂഹത്തിന് പകരുന്നത് ആ ആത്മവിശ്വാസമാണെന്നും ഡി.വൈ.എഫ്​.ഐയെ പ്രത്യേകം അഭിനന്ദക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.