റാന്നി: മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.
റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള് മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്സിലറേറ്ററിൽനിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങ്ങിന് ഉത്തമം.
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്ലൈറ്റുകള് ലോ ബീമിൽ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണാനും മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടാതിനും ഹെഡ്ലൈറ്റ് സഹായിക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഢിത്തമാകും. തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. അലൈൻമെന്റും വീല്‍ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദം നിശ്ചിത അളവില്‍ നിലനിർത്തുകയും വേണം.
ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റര്‍, വൈപ്പര്‍, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂർണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.
മഴ അതിശക്തമാണെങ്കില് വാഹനം റോഡരികില്‍ നിർത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.