1. കോട്ടവാസൽ എസ് വളവിന് സമീപം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ ചരക്ക് ലോറി 2. തകർന്ന ലോറി പാളത്തിന് നിന്ന് മാറ്റിയപ്പോൾ

കോട്ടവാസലിൽ ചരക്കുലോറി ട്രാക്കിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു; പാലരുവി എക്സ്പ്രസ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു

പുനലൂർ: കേരള-തമിഴ്നാട് സംസ്ഥാന അതിർത്തിയായ കോട്ടവാസൽ എസ് വളവിന് സമീപം ചരക്ക് ലോറി റെയിൽവേ ട്രാക്കിൽ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് മുക്കൂടൽ സ്വദേശി മണികണ്ഠൻ (34) ആണ് മരിച്ചത്. മറിയുന്നതിനിടെ ക്ലീനർ ലോറിയിൽ നിന്നും ചാടി രക്ഷപ്പെട്ടു.

ഞായറാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിലായത്. സമീപവാസികളായ ദമ്പതികളുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ട്രെയിൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് പാലരുവി എക്സ്പ്രസ് രണ്ടു മണിക്കൂറിലധികം വൈകി.

കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ തമിഴ്‌നാട്- കേരള അതിർത്തിയിലെ എസ് വളവിന് സമീപമുള്ള റെയിൽവേ ലൈനിലെ വലിയ വളവ് വരുന്ന ഭാഗത്തായിരുന്നു അപകടം. ലോറി മറിഞ്ഞതിന് തൊട്ടുപിന്നാലെ തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസ് കടന്നു വരുകയായിരുന്നു.

ലോറി മറിയുന്ന ശബ്ദം കേട്ട് ഇതിനടുത്ത് താമസിക്കുന്ന ഷൺമുഖൻ, ഭാര്യ വടക്കുതായി എന്നിവർ വീട്ടിൽ നിന്നും ട്രാക്കിലുടെ ഇറങ്ങിയോടി ടോർച്ച് തെളിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. അപകടം അറിഞ്ഞ് ചെങ്കോട്ടയിൽ നിന്നും റെയിൽവേ അധികൃതർ, പുളിയറ പൊലീസ്, നാട്ടുകാർ എന്നിവരെത്തി പാളത്തിൽ നിന്നും ലോറി മാറ്റി ട്രെയിൻ കടത്തി വിടുകയായിരുന്നു.

Tags:    
News Summary - Driver dies after goods lorry overturns on track at Kottavasal, punalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.