‘ഞാൻ ബാക്കിൽ വന്നപ്പോൾ എല്ലാരും ബാക്കിൽ... കുറച്ചാളുകൾ ഫ്രണ്ടിൽ നിൽക്കണ്ടേ...’ -ബി.ജെ.പി പ്രതിഷേധം പാളി, പരിഹാസ്യരായി നേതാക്കൾ
കാസര്‍കോട്: സവര്‍ക്കര്‍ അനുകൂല ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധസമരത്തിൽ നാടകീയ രംഗങ്ങൾ. അറസ്റ്റ് ചെയ്ത സമരക്കാരെ കൊണ്ടുപോകുന്ന പൊലീസ് ജീപ്പ് തടയാൻ ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി നടത്തിയ ശ്രമം പാളിയതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കാസര്‍കോട് എത്തിയ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനെതിരെ നടന്ന പ്രതിഷേധത്തിലാണ് രസകരമായ സംഭവം ഉണ്ടായത്.
അശ്വിനിയും സംഘവും പൊലീസ് ജീപ്പിന് മുന്നിൽനിന്ന് മുദ്രാവാക്യം വിളിച്ചതോടെ ജീപ്പ് പിന്നിലേക്കെടുത്തു. ഇതോടെ ഇവർ ജീപ്പിന്റെ പിന്നിൽ പോയി. പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരുമെല്ലാം ഇവർക്കൊപ്പം ജീപ്പിന്റെ പിന്നിലെത്തി. ഇവിടെ ജീപ്പിന് പിന്നിലെ സ്റ്റെപ്പിനി ടയറില്‍ പിടിച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെ ജീപ്പ് സുഗമമായി മുന്നോട്ട് എടുത്ത് പോയി. ഇതോടെ പരിഹാസ്യയായ അശ്വിനി, ‘ഞാൻ ബാക്കിൽ വന്നപ്പോൾ എല്ലാരും ബാക്കിൽ... കുറച്ചാളുകൾ ഫ്രണ്ടിൽ നിൽക്കണ്ടേ...’ എന്ന് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
ഈ വണ്ടി ഇവിടെ നിന്ന് എങ്ങനെ പോകുമെന്ന് കാണണമെന്ന് പറഞ്ഞ പ്രസിഡന്റ്, പിന്നാലെ സവര്‍ക്കര്‍ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കാന്‍ തുടങ്ങി. ഇത് സര്‍ക്കാര്‍ വക സ്ഥലമാണെന്നും ഇവിടെ നില്‍ക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും ബിജെപി നേതാവ് പറയുന്നുണ്ടായിരുന്നു. എന്നാല്‍ യാതൊരു പ്രയാസവുമില്ലാതെ വാഹനം മുന്നിലേക്ക് എടുക്കുകയായിരുന്നു.
അതിനിടെ, അശ്വിനിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാജു പി നായരും ജിന്റോ ജോണും രംഗത്തെത്തി. ‘സമരക്കാരെ കൊണ്ട് വണ്ടി തള്ളിക്കുന്നതൊക്കെ അത്ര നല്ലതല്ലാട്ടോ..’ എന്നായിരുന്നു രാജു പി നായരുടെ ട്രോൾ. ‘ഹേയ് കേരള പൊലീസ്, സമരക്കാരെ കൊണ്ട് വണ്ടി തള്ളിക്കുന്നതൊക്കെ അത്ര നല്ലതല്ലാട്ടോ. ഞാൻ ആദ്യം കരുതി വണ്ടി റിവേഴ്‌സ് എടുത്തേ പോവാൻ പറ്റുള്ളൂ അത് കൊണ്ടാണ് മാഡം പുറകേന്ന് തടയുന്നതെന്ന്. നോക്കിയപ്പോ ശരം പോലെ ജീപ്പ് മുന്നോട്ട്. അപ്പോഴാ മനസ്സിലായത് പൊലീസ് മൃഗീയമായി അവരെ കൊണ്ട് വണ്ടി തള്ളിക്കുകയായിരുന്നു എന്ന്. എന്തായാലും കാസർകോട് പെലീസ് ആത്മസംയമനത്തിന് പ്രത്യേക പരിശീലനം ലഭിച്ചവരാണെന്ന് ഈ മാഡത്തിന്റെ സമരം കാണുമ്പോഴൊക്കെ തോന്നാറുണ്ട്.’ -രാജു പി. നായർ പറഞ്ഞു.
‘ഈ ചേച്ചി എന്തിനാ പൊലീസ് ജീപ്പ് തള്ളിക്കൊടുക്കുന്നത്? എന്താ സംഭവം? ‘എന്ത് തെണ്ടി ചെയ്തത്... ജയ് ജയ് വി ഡി സർവർക്കർ" എന്നൊക്കെ വിളിച്ചുകൂവുന്നുണ്ട്. എന്താ കാര്യം? പിന്നേ, ചേച്ചിയേ നിങ്ങളുടെ സംഘി നേതാവിന്റെ പേര് 'സർവർക്കർ' എന്നല്ല. സവർക്കർ... ഷൂവർക്കറിൽ നിന്ന് കിട്ടിയതാകുമല്ലേ ആ 'ർ'. നേതാവിന്റെ പേരെങ്കിലും പഠിച്ചിട്ട് പോരേ ഈ വണ്ടിതള്ളൽ!’ -എന്നായിരുന്നു ജിന്റോ ജോണിന്റെ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.