‘കോവിഡ് എന്ന ഭീകരൻ നാട്ടിൽ കറങ്ങി നടപ്പുണ്ടേ...’; 76കാരി പേഷ്യന്‍റിനായി ഡോക്ടറുടെ കുറിപ്പ്

ഏറെക്കാലമായി പരിചയമുള്ള 76കാരിയായ പേഷ്യന്‍റിന് കോവിഡ് മുന്നറിയിപ്പ് നൽകി രസകരമായ കുറിപ്പുമായി ഡോക്ടർ. ‘മൈഥിലി അമ്മക്ക്’ എന്ന പേരിൽ ഡോ. ഷമീർ വി.കെ ആണ് കോവിഡ് വൈറസ് ബാധയെ വയോധികർ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദേശവുമായി കുറിപ്പെഴുതിയത്.

കോവിഡ് എന്ന പേരിൽ ഒരു ഭീകരൻ നമ്മുടെ നാട്ടിൽ കറങ്ങി നടക്കുന്നത്. അവന് വേണ്ടത് പ്രായം കൂടിയവരെയാണ്. തരത്തിൽ കിട്ടിയാൽ അവൻ പ്രായം കൂടിയവരെ ആക്രമിക്കും. പിന്നെ വലിയ ബുദ്ധിമുട്ടാണ്. പ്രമേഹവും വൃക്കരോഗവും ശ്വാസം മുട്ടുമൊക്കെയുണ്ടെങ്കിൽ പിന്നെ പറയും വേണ്ട. ആശുപത്രിയും ഐസിയുവും ഒക്കെയായി കഷ്ടപ്പാടാണ് പിന്നെ.
കഴിവതും മുറിയിൽ തന്നെ ഇരുന്നോളൂ. മരുന്ന് വാങ്ങാനും സാധനങ്ങൾ വാങ്ങാനും ആരെയെങ്കിലും പറഞ്ഞയച്ചാൽ മതി. ആശുപത്രിയിലും പോകണ്ട. എന്തെങ്കിലും അസുഖം തോന്നിയാൽ വിളിക്കണം. ഫോണിലൂടെ തീർക്കാൻ പറ്റുമോ എന്ന് നോക്കാം. നടത്തം കുറഞ്ഞാൽ ഷുഗർ കൂടുമെന്ന് പേടി ഉണ്ടാകുമല്ലേ? റൂമിൽ നിന്ന് കുറച്ച് വ്യായാമം ചെയ്താൽ മതി.’
‘പിന്നെ വളരെ ശ്രദ്ധിക്കേണ്ട കുറച്ച് വില്ലൻമാരുണ്ട്, പേരക്കുട്ടികൾ ! അവര് കടയിലും മാർക്കറ്റിലുമൊക്കെ പോയി ഓടി വരും, അമ്മൂമ്മേ എന്നു വിളിച്ചോണ്ട്. അടുപ്പിച്ചേക്കരുത്. നമ്മുടെ കുഞ്ഞുങ്ങളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, അവന്മാർ കയ്യിലും കാലിലുമൊക്കെ കീടാണുവിനേയും പൊക്കിക്കൊണ്ടാകും വരവ്. പണി അമ്മൂമ്മക്ക് കിട്ടും. പിന്നെ ലവൻമാരെ കൊണ്ട് എപ്പോഴും സോപ്പിട്ട് കൈ കഴുക്കിക്കണം. പുറത്ത് പോയി വന്നാൽ കുളിക്കാതെ ഒറ്റ എണ്ണത്തിനെ റൂമിൽ കയറ്റരുത്. വീട്ടിലേക്ക് വരുന്ന അതിഥികളേയും അടുപ്പിക്കരുത്. അതുങ്ങളുടെയൊക്കെ 'ഉള്ളിലിരിപ്പ്' എന്താണെന്നാർക്കറിയാം!’

പറയും പോലെ അനുസരിച്ചാൽ ഒരു ചോക്ലേറ്റെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. എല്ലാ സുഹൃത്തുക്കളും അവരുടെ ഏറ്റവും പ്രിയപ്പെട്ട അപ്പൂപ്പൻ / അമ്മൂമ്മമാർക്ക് ഈ സന്ദേശം അവരുടേതായ വാചകങ്ങളിൽ നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ അറിയിക്കാൻ അപേക്ഷിക്കുന്നുവെന്ന് ഡോക്ടർ അഭ്യർഥിച്ചിട്ടുണ്ട്.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം:

Full View
Tags:    
News Summary - dr shameer vk fb post about covid-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.