കണ്ണൂര്‍: പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നത് ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുണ്ടാക്കിയ പടക്കം പൊട്ടിയാണെന്ന് മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജന്‍. ഇതിനെ ബോംബ് സ്‌ഫോടനമാണെന്ന് വ്യാഖാനിച്ച് കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട് കൊണ്ട് കെട്ടിയ പടക്കം ആണ് അപകടം ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള പടക്കത്തിന്റെ കെട്ട് അല്‍പ്പം മുറുകിപ്പോയാല്‍ സ്‌ഫോടനം ഉണ്ടാകും. അതാണ് അവിടെ സംഭവിച്ചതെന്നും കണ്ണൂര്‍ വിരുദ്ധ പ്രചാരവേലകള്‍ ഒക്കെ കാലഹരണപ്പെട്ടുവെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
''നിങ്ങള്‍ സംഭവസ്ഥലത്ത് പോയോ, ഞാന്‍ അവിടെ പോയിട്ടില്ല. പക്ഷേ, ഞങ്ങളുടെ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ അവിടെപോയി. ക്രിസ്മസൊക്കെ വരുമ്പോള്‍ നാട്ടിന്‍പുറങ്ങളിലൊക്കെ പുതുവര്‍ഷാഘോഷമുണ്ടാകും. അതിന്റെ ഭാഗമായിട്ട് ഈ ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കും. സാധാരണ ഗതിയിലുള്ള ചരടുകൊണ്ട് കെട്ടിയുണ്ടാക്കിയ പടക്കമാണത്. ചരടുകൊണ്ടുള്ള കെട്ട് അല്പം മുറുകി പോയാല്‍ സ്‌ഫോടനമുണ്ടാകും. അതിന്റെ വളരെ പ്രാക്ടിക്കലായി അനുഭവപരിചയമുള്ളവര്‍ അല്ലെങ്കില്‍ അപകടമുണ്ടാകും. അങ്ങനെയുള്ള ഒരു അപകടമാണ്. ആ അപകടത്തെ ബോംബ് സ്‌ഫോടനമായും ആക്രമണോത്സുക തയാറെടുപ്പാണെന്നും വ്യാഖാനിച്ച് ദയവുചെയ്ത് നമ്മുടെ സമാധാന അന്തരീക്ഷത്തെ ആരും തകര്‍ക്കരുത്. കണ്ണൂരിന്റെ സമാധാനവും കണ്ണൂരിന്റെ ഇന്നത്തെ അന്തരീക്ഷവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയണം. സി.പി.എം അതാണ് ആഗ്രഹിക്കുന്നത്. ഇതനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.', ഇ.പി. ജയരാജന്‍ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ചത് തിരിച്ചടിയായി എന്ന വാദം ബാലിശമാണ്. വെള്ളാപ്പള്ളി കാരണം വോട്ട് കുറഞ്ഞെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
അയ്യപ്പ പാരഡി ഗാന വിവാദത്തില്‍ ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം. പാരഡി ഗാനം ജനങ്ങളെ സ്വാധീനിച്ചില്ല. ആ പാട്ട് താന്‍ കേട്ടിട്ടുമില്ല. പൊലീസില്‍ പരാതി പോയിട്ടുണ്ട്. ഇനി പൊലീസ് തീരുമാനിക്കട്ടെ. തങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് കണ്ണൂർ പിണറായിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റത്. സി.പി.എം പ്രവർത്തകനായ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിൻ രാജിന്റെ കൈപ്പത്തി ചിതറിയെന്നാണ് റിപ്പോർട്ട്.
പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം. ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. വിപിൻരാജിന്റെ വീടിന് സമീപത്ത് വെച്ച് തന്നെയാണ് സംഭവം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.