ഡോ.ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ദയാബായിക്ക്

തിരുവനന്തപുരം: മൂന്നാമത് ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തക ദയാബായിക്ക്. അഖിലേന്ത്യ തലത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുള്ള ആദരസൂചകമായാണ് ദയാബായിക്ക് പുരസ്കാരമെന്ന് ജൂറി ചെയർമാൻ ഡോ.ജോർജ് എഫ്.ഡിക്രൂസ് പറഞ്ഞു. ഡോ.ഖമറുദ്ദീൻ എന്ന നിസ്വാർഥനായ പ്രകൃതി സ്നേഹിയുടെ പേരിലുള്ള പുരസ്കാരം ദയാബായിക്ക് നൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്നും ദയാബായിയുടെ അസാധാരണ ജീവിതം സമാനതകളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ നേർച്ചിത്രമാണെന്നും ജൂറി അംഗവും എഴുത്തുകാരിയുമായ ഒ.വി. ഉഷ അഭിപ്രായപ്പെട്ടു.

ഡോ.മധുസൂദനൽ വയലാ, ഡോ.സുഹ്റ ബീവി എന്നിവർകൂടി അടങ്ങിയ നാലംഗ ജൂറിയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിരവധി നാമനിർദ്ദേശങ്ങളിൽനിന്ന് ഈ വർഷത്തെ പുരസ്കാരത്തിന് ദയാബായിയെ തെരഞ്ഞെടുത്തത്. അന്തരിച്ച പ്രമുഖ പരിസ്ഥിതി സമര നായകനും കേരള യൂനിവേഴ്സിറ്റി ബോട്ടണി വിഭാഗം റീഡറുമായിരുന്ന ഡോ. ഖമറുദ്ദീന്റെ ഓർമക്കായാണ് ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവഴ്സിറ്റി കൺസർവേഷൻ ( കെ.എഫ്.ബി.സി) 2020 മുതൽ പുരസ്കാരം ഏർപ്പെടുത്തിയത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ദയാഭായ് എന്ന വിപ്ലവകാരി

കോട്ടയം ജില്ലയിൽ പാലായിലെ പൂവരണിയിൽ ജനിച്ച മേഴ്സി മാത്യു പതിനാറാം വയസ്സിൽ സാമൂഹിക സേവനമെന്ന ലക്ഷ്യവുമായി വടക്കേ ഇന്ത്യയിലേക്കുപോയി. നിയമബിരുദമെടുത്ത ശേഷം മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇൻസ്റ്റിറ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് എം.എസ്.ഡബ്ല്യൂവും പഠിച്ചിറങ്ങിയ ശേഷം ആദിവാസികൾക്കിടയിലാണ് പ്രവർത്തിച്ചു തുടങ്ങിയത്.

യൂറോപ്പിലും അമേരിക്കയിലുമുള്ള നിരവധി പ്രശസ്ത യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആദിവാസികൾക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കുമിടയിൽ ദീർഘവർഷങ്ങൾ സേവനം ചെയ്ത അവർ ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങൾ തോളിലേറ്റി മറവു ചെയ്തും മനുഷ്യത്വത്തിനായി ഉഴിഞ്ഞു വച്ചതാണ് അവരുടെ ജീവിതം.

40 വർഷമായി മധ്യപ്രദേശിലെ ചിന്ത്വാഡ ജില്ലയിലെ തിൻസായിലും ബറൂൾ എന്ന ആദിവാസി ഗ്രാമത്തിലുമാണ് അവർ ജീവിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാസർക്കോട്ടെ എൻഡോസൾഫാൻ ഇരകളുടെ നീതി അവകാശങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ അവർ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു.

പുരസ്കാരം നവംബർ 17ന് വാഴാഴ്ച രാവിലെ 10.30ന് പെരിങ്ങമ്മല ഇക്ബാൽ കോളെജിൽ വച്ച് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.എസ്.ഫെയ്സി ദയാഭായിക്ക് സമ്മാനിക്കുമെന്ന് കെ.എഫ്.ബി.സി ഭാരവാഹികളായ ഡോ. ബി,ബാലചന്ദ്രനും സാലി പാലോടും അറിയിച്ചു.

Tags:    
News Summary - Dr. Qamaruddin Environment Award to Dayabai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.