തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലറും അക്കാദമിക വിദഗ്ധനുമായ ഡോ. ജെ.വി. വിളനിലം (ജോൺ വർഗീസ് വിളനിലം -87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം ചിലമ്പിൽ ലെയിനിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
ബുധനാഴ്ച പുലർച്ച 4.45 ഓടെയായിരുന്നു അന്ത്യം. മികച്ച ഗവേഷകനും അധ്യാപകനുമായിരുന്ന അദ്ദേഹം വിദ്യാഭ്യാസ രംഗത്തെ പരിഷ്കര്‍ത്താവ് കൂടിയാണ്. സംസ്ഥാനത്തെ സർവകലാശാലകളിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ടുവന്നത് വിളനിലമാണ്.
അരനൂറ്റാണ്ടോളം അധ്യാപന-ഗവേഷണ ജീവിതം നയിച്ച വിളനിലം ഇംഗ്ലീഷിൽ 14, മലയാളത്തിൽ 11 ഉൾപ്പെടെ 25ഓളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ചില പുസ്തകങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 1992-96 കാലയളവിലാണ് കേരള സർവകലാശാല വൈസ് ചാൻസലറായത്.
പാളയം ജൂബിലി മിഷൻ ആശുപത്രിയിൽ സൂക്ഷിക്കുന്ന ഭൗതികശരീരം 25ന് രാവിലെ എട്ടിന് വസതിയിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് രണ്ടിന് ശ്രീകാര്യം ബസേലിയസ് മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂഷ. തുടർന്ന്, നെട്ടയം മലമുകൾ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ആനി വിളനിലമാണ് ഭാര്യ. സന്തോഷ് വിളനിലം (എൻജിനീയർ, യു.എസ്.എ), പ്രകാശ് വിളനിലം (എൻജിനീയർ, യു.എസ്.എ), പരേതനായ സുരേഷ് വിളനിലം എന്നിവർ മക്കളാണ്. മരുമക്കൾ: സ്നേഹ വിളനിലം, ലൂലു വിളനിലം.
കേരള യൂനിവേഴ്സിറ്റിയിൽ ജേണലിസം വകുപ്പ് ആരംഭിച്ചപ്പോൾ അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം 1992ലാണ് വൈസ് ചാൻസലറായത്. ഇക്കാലയളവിലാണ് വിളനിലം സമരം എന്ന പേരിൽ ഇടതുവിദ്യാർഥി സംഘടന പ്രക്ഷോഭം കാമ്പസുകളിൽ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.