‘മനസ് സ്കാൻ ചെയ്യുന്ന യന്ത്രം എ.കെ.ജി സെന്ററിലോ മാരാർജി ഭവനിലോ ഉണ്ടെങ്കിൽ കടം തരണം’ -എം.ഡി.എം.എ കേസിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതിനെതിരെ ജിന്റോ ജോൺ

കൊച്ചി: ആളുകളുടെ മനസ്സ് സ്കാൻ ചെയ്യുന്ന യന്ത്രം എകെജി സെന്ററിലോ മാരാർജി ഭവനിലോ ഉണ്ടെങ്കിൽ ഒരെണ്ണം കടം തരണമെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. എം.ഡി.എം.എയുമായി കോൺഗ്രസ് പ്രവർത്തകർ പിടിയിലായതിന് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കായംകുളം മുൻ എം.എൽ.എയുടെ മകൻ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടപ്പോൾ വല്ലാത്ത കനിവ് കാണിച്ച് സഹായിച്ചത് പിണറായി സർക്കാരാണെന്നും ആ കേസിൽ നടപടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് സിപിഎമ്മാണെന്നും ജിന്റോ ജോൺ ഓർമിപ്പിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി വൈരാഗ്യം തീർത്തത് എം ബി രാജേഷിന്റെ എക്സൈസ് വകുപ്പാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ, കോൺഗ്രസ് പ്രവർത്തകരായിരുന്ന ലഹരിക്കേസിലെ പ്രതികൾ സർക്കാർ പരിരക്ഷയൊന്നുമില്ലാതെ ജയിലിലാണ്. നിയമപരമായോ സംഘടനാപരമായോ വ്യക്തിബന്ധങ്ങളുടെ പേരിലോ യാതൊരു തരത്തിലുമുള്ള പരിഗണനയും കിട്ടാതെ ലഹരിക്കേസിലെ ക്രിമിനലുകൾ ജയിലിൽ കിടക്കുന്ന കാലം യുഡിഎഫ് സർക്കാരിന്റേതാണ്. കുറ്റവാളികളെ, കുറ്റവാസനയുള്ളവരെ സ്കാൻ ചെയ്യാനുള്ള സംവിധാനമൊന്നും കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനുമില്ലല്ലോ. കൂടെ നടക്കുന്നവരോ പരിചയക്കാരോ ആയിട്ടുള്ളവർ ആരെങ്കിലും കുറ്റവാളികളാണെങ്കിൽ അവരെ കൂട്ടിപ്പിടിച്ച് സംരക്ഷിക്കാതെ നിയമത്തിനു വിട്ടുകൊടുക്കാനും നടപടികൾ സ്വീകരിക്കാനും നിലപാടുള്ള രാഷ്ട്രീയത്തിന്റെ പേരാണ് കോൺഗ്രസ്. കൂടെയുള്ള ഫോട്ടോ ഉണ്ടല്ലോ, ഭക്ഷണം കഴിച്ചപ്പോൾ അരികിൽ നിന്നല്ലോ, തെരഞ്ഞെടുപ്പ് സമയത്ത് പരിപാടിയിൽ കണ്ടല്ലോ, എന്നൊക്കെ ചോദിച്ചാൽ ലക്ഷക്കണക്കിന് മനുഷ്യരുള്ള ഒരു സംഘടനയിൽ മുഴുവൻ ആളുകളുടേയും മനസ്സ് സ്കാൻ ചെയ്യുന്ന യന്ത്രം എകെജി സെന്ററിലോ മാരാർജി ഭവനിലോ ഉണ്ടെങ്കിൽ ഒരെണ്ണം കടം തരണം. കൂട്ടത്തിലുള്ളവരിൽ ആരെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ നടപടിയെടുത്ത് മാറ്റി നിർത്തും’ -ജിന്റോ ജോൺ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

കായംകുളം മുൻ എംഎൽഎ പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടപ്പോൾ വല്ലാത്ത കനിവ് കാണിച്ച് സഹായിച്ചത് പിണറായി സർക്കാരാണ്. ആ കേസിൽ നടപടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് സിപിഎമ്മാണ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി വൈരാഗ്യം തീർത്തത് എം ബി രാജേഷിന്റെ എക്സൈസ് വകുപ്പാണ്.

മകന്റെ കഞ്ചാവ് കേസിൽ മറ്റുള്ളവരെ പഴിചാരി സിമ്പിളായി ഊരിയെടുത്തത് എംഎൽഎ അമ്മയുടെ നേതൃത്വത്തിൽ കളം നിറഞ്ഞുള്ള പോരാട്ടത്തിലൂടെയാണ്. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ വംശീയ - വർഗ്ഗീയ അധിക്ഷേപം വരെ നടത്തിയത് സിപിഎം നേതാവ് കൂടിയായ എംഎൽഎയാണ്. പിന്തുണക്കാൻ അന്ന് സിപിഎം - ബിജെപി നേതാക്കൾ തിക്കും തിരക്കുമായിരുന്നു. കേട്ടാൽ അറയ്ക്കുന്ന ആക്ഷേപം പറയാൻ യാതൊരു മടിയും ഉളുപ്പുമില്ലായിരുന്ന ആ പ്രതിഭാവിലാസം പിന്തുണച്ച് ന്യായീകരിച്ച് കഞ്ചാവ് പിള്ളേരെ വിപ്ലവകാരികളാക്കിയത് അന്നത്തെ സാംസ്കാരിക മന്ത്രി മുതലുള്ളവരാണ്.

യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ, കോൺഗ്രസ് പ്രവർത്തകരായിരുന്ന ലഹരിക്കേസിലെ പ്രതികൾ സർക്കാർ പരിരക്ഷയൊന്നുമില്ലാതെ ജയിലിലാണ്. നിയമപരമായോ സംഘടനാപരമായോ വ്യക്തിബന്ധങ്ങളുടെ പേരിലോ യാതൊരു തരത്തിലുമുള്ള പരിഗണനയും കിട്ടാതെ ലഹരിക്കേസിലെ ക്രിമിനലുകൾ ജയിലിൽ കിടക്കുന്ന കാലം യുഡിഎഫ് സർക്കാരിന്റേതാണ്. കുറ്റവാളികളെ, കുറ്റവാസനയുള്ളവരെ സ്കാൻ ചെയ്യാനുള്ള സംവിധാനമൊന്നും കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനുമില്ലല്ലോ. കൂടെ നടക്കുന്നവരോ പരിചയക്കാരോ ആയിട്ടുള്ളവർ ആരെങ്കിലും കുറ്റവാളികളാണെങ്കിൽ അവരെ കൂട്ടിപ്പിടിച്ച് സംരക്ഷിക്കാതെ നിയമത്തിനു വിട്ടുകൊടുക്കാനും നടപടികൾ സ്വീകരിക്കാനും നിലപാടുള്ള രാഷ്ട്രീയത്തിന്റെ പേരാണ് കോൺഗ്രസ്.

കൂടെയുള്ള ഫോട്ടോ ഉണ്ടല്ലോ, ഭക്ഷണം കഴിച്ചപ്പോൾ അരികിൽ നിന്നല്ലോ, തെരഞ്ഞെടുപ്പ് സമയത്ത് പരിപാടിയിൽ കണ്ടല്ലോ, എന്നൊക്കെ ചോദിച്ചാൽ ലക്ഷക്കണക്കിന് മനുഷ്യരുള്ള ഒരു സംഘടനയിൽ മുഴുവൻ ആളുകളുടേയും മനസ്സ് സ്കാൻ ചെയ്യുന്ന യന്ത്രം എകെജി സെന്ററിലോ മാരാർജി ഭവനിലോ ഉണ്ടെങ്കിൽ ഒരെണ്ണം കടം തരണം. കൂട്ടത്തിലുള്ളവരിൽ ആരെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ നടപടിയെടുത്ത് മാറ്റി നിർത്തും.

ലഹരി മാഫിയ ഇടപാടുകളിലൂടെ, ലഹരിക്കച്ചവടത്തിലൂടെ പണമാർജ്ജിച്ച് പടപടിയായി പാർട്ടിയിൽ സ്ഥാനങ്ങൾ നേടിയെന്നുള്ള പാർട്ടി റിപ്പോർട്ടുള്ള സിപിഎം ഉപദേശിക്കാൻ ആയിട്ടില്ല. സ്വർണക്കടത്തും പൊട്ടിക്കലും ഉൾപ്പെടെയുള്ള കൊട്ടേഷൻ പരിപാടികളിലൂടെ പണമുണ്ടാക്കി ഉന്നത നേതാക്കന്മാരുമായി ബന്ധമുണ്ടാക്കുന്നു എന്ന ആക്ഷേപം നേരിടുന്ന സിപിഎം മാന്യന്മാർ പാർട്ടി സെക്രട്ടറിയുടെ കുറേക്കാലം മുമ്പുള്ള 'നേതാക്കന്മാർക്കും പ്രവർത്തകർക്കും പണത്തോടും സ്ഥാനമാനങ്ങളോടും ആർത്തിയാണെ'ന്ന പ്രസംഗം ഓർത്താൽ മതി.

കുറ്റക്കാരെ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുന്ന ഇടപാടില്ല കോൺഗ്രസ്സിൽ. എപ്പോ ഒഴിവാക്കിയെന്ന് ചോദിച്ചാൽ മതി. കൂടെ നിന്ന് ഫോട്ടോ എടുത്തവരുടെയൊക്കെ മനസ്സിന്റെ ഫോട്ടോയെടുക്കുന്ന അമാനുഷിക മിടുക്കൊന്നും ആർക്കുമില്ലല്ലോ. കുറ്റാരോപിതരോട് സ്വീകരിക്കുന്ന നിലപാടാണ് ചർച്ചയാകേണ്ടത്. വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ അർജുന് കുറ്റകൃത്യത്തിന് ശേഷം കിട്ടിയ അമിത പരിഗണനയാണ് ഉദാഹരണങ്ങളിൽ ഒന്ന്. ഇനിയുമൊരുപാട് പറയാനുണ്ട്താനും. പിന്നെ, വന്നുകയറുന്ന എല്ലാവരെയും തിരിച്ചറിയാനുള്ള ശേഷിയില്ലാതെ പോകുന്നത് നേതാക്കളുടെ വ്യക്തിപരമായ കുറവല്ല. പൊതുവേയുള്ള സാമൂഹ്യാവസ്ഥയുടെ പ്രതിഫലനം മാത്രമാണ്. പണിയെടുക്കുന്ന പ്രവർത്തകർക്ക്‌ ചിലപ്പോൾ നിരന്തരം പടമെടുക്കാൻ സമയം കിട്ടിയെന്ന് വരില്ല. പടം എടുക്കുന്നവർക്ക് വേറെ പണിയില്ലാതെയും വരാം. പണിയെടുക്കുകയും പടമെടുക്കുകയും ചെയ്യുന്നവരുമുണ്ടാകാം. അതൊക്കെ നേരത്തെ വേർതിരിച്ചറിയാത്തത് ഏതെങ്കിലും നേതാക്കളുടെ കുറവായി കാണേണ്ടതില്ല. പക്ഷേ ഇത്തരം സംഭവങ്ങൾ നേതാക്കൾക്കും ഭരണകർത്താക്കൾക്കും ജാഗ്രതയോടെയിരിക്കാൻ ഉള്ള ചില ചൂണ്ടുപലക പാഠങ്ങളാണെന്ന് സമ്മതിക്കുന്നു.

കൃത്യമായി സംഘടനാ നടപടിയെടുത്ത, നിയമ നടപടിയെടുത്ത, ഒരുതരത്തിലും പിന്തുണക്കാതിരുന്ന ഒരു സർക്കാരിനേയും പാർട്ടിയേയും മുന്നണിയേയും ഒത്തുകിട്ടിയ അവസരത്തിൽ, വ്യക്തമായ ഒരു പോയിന്റ് പോലുമില്ലാതെ അപഹാസ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഗതികെട്ട പ്രതിപക്ഷമാണ് ഇന്ന് കേരളത്തിലുള്ളത്. സകല വൃത്തികേടുകളേയും ചുവന്ന കൊടികൊണ്ട് മൂടിയൊളിപ്പിച്ചതിന്റെ ഹോൾസെയിൽ കച്ചവടക്കാർ സാരോപദേശവും സംശയങ്ങളും ഉന്നയിക്കുമ്പോൾ തിരിച്ചൊരായിരം ചോദ്യങ്ങൾ ഉണ്ടാകും. കുറ്റവാളികൾക്കെതിരെ നടപടികളെടുത്ത കോൺഗ്രസ്സിനെ, യുഡിഎഫ് സർക്കാരിനെ നടപടി ദോഷങ്ങളെ വിപ്ലവപ്രവർത്തനമായി കണ്ട് പിന്തുണച്ച് ആഘോഷിച്ചവർ ആക്ഷേപിക്കാൻ വന്നാൽ ഓർമ്മപ്പെടുത്താൻ ഒരുപാടുണ്ട്

Tags:    
News Summary - dr jinto john slams bjp, cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.