‘ഖാർഗെ എന്തുകൊണ്ട് കോൺഗ്രസ് അധ്യക്ഷനായി എന്നതിന്‍റെ ഉത്തരമാണ് കണ്ടുകൊണ്ടിരിക്കുന്നത്’; തരൂരിനെതിരെ ജിന്‍റോ ജോൺ

കോഴിക്കോട്: വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി സംഘവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവന നടത്തിയ ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ. മല്ലികാർജുൻ ഖാർഗെ എന്തുകൊണ്ട് കോൺഗ്രസ് അധ്യക്ഷനായി എന്നുള്ളതിന്റെ ഉത്തരമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതെന്ന് ജിന്‍റോ ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്തെ ഓരോ കോൺഗ്രസ് പ്രവർത്തകന്‍റെയും ആത്മാഭിമാനത്തെയും ആത്മവീര്യത്തെയും പെരുവഴിയിൽ വിഴുപ്പലക്കാൻ ബി.ജെ.പിക്ക്‌ സോപ്പിട്ട് പതപ്പിച്ചു കൊടുക്കുന്ന നിലപാട് ആരെടുത്താലും അതിനെ തുറന്ന് എതിർക്കേണ്ടത് കാലികമായ രാഷ്ട്രീയ പ്രവർത്തനമാണ്. പ്രവർത്തക സമിതിയംഗത്തിന്‍റെ പരസ്യ പ്രസ്താവനകൾ പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി തിരുത്താനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന പ്രവർത്തകരുണ്ട്.  ഒരു പാർട്ടി നൽകുന്ന പ്രതിനിധിപട്ടികയിലുള്ളവരെ തെരഞ്ഞെടുക്കാതെ മറ്റൊരാളെ കേന്ദ്രസർക്കാർ തെരഞ്ഞെടുക്കുന്നത് മര്യാദകേടാണ്. സർക്കാർ ആഗ്രഹിക്കുന്ന പ്രതിനിധികളുടെ പേര് സഹിതം പട്ടിക ആവശ്യപ്പെടണമായിരുന്നുവെന്നും ജിന്‍റോ ജോൺ  എഫ്.ബി. പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: 

മല്ലികാർജ്ജുൻ ഖാർഗേ എന്തുകൊണ്ട് എഐസിസി പ്രസിഡന്റായി എന്നുള്ളതിന്റെ ഉത്തരമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്റെ രാജ്യം എല്ലാരീതിയിലും സംഘപരിവാർ വത്ക്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ സർവ്വതല സ്പർശിയായി ചെറുത്തുനിൽക്കാൻ അടിമുടി കോൺഗ്രസ്സായ ഒരു പ്രസിഡന്റ്‌ വേണമെന്നുള്ളത് ചരിത്രപരമായ നിയോഗവും രാജ്യത്തോടുള്ള ഉത്തരവാദിത്തവും ശരിയുമായതു കൊണ്ടാണ്. പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ അല്പജ്ഞാനത്തിലോ അപാരജ്ഞാനത്താലോ ബിജെപിയുടെ ഫാസിസ്റ്റ് പ്രധാനമന്ത്രിയെ പിന്തുണയ്ക്കാൻ പാടില്ല എന്ന് രാജ്യത്തെ മഹാഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ആഗ്രഹിച്ചതുകൊണ്ട് മാത്രമാണ് ആ ചരിത്രപരമായ ശരി നിവർത്തിക്കപ്പെട്ടത്. ചില പ്രത്യേക സാഹചര്യത്തിലെ ഉപരിപ്ലവ തിളക്കങ്ങളുടേയും മാധ്യമശ്രദ്ധയിൽ നിറഞ്ഞുനിൽക്കുന്ന ന്യൂസ് മേക്കർസിന് പിന്നാലേയും പോയവരും ഉണ്ടാകാം. പക്ഷേ അവരാരും ഇതിന്റെ അപകടം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.

അർത്ഥശങ്കയ്ക്കിടയില്ലാതെ ഒരു ബോധ്യം പറയാം. ഈ രാജ്യത്തെ ഓരോ കോൺഗ്രസ് പ്രവർത്തകരുടേയും ആത്മാഭിമാനത്തേയും ആത്മവീര്യത്തേയും പെരുവഴിയിൽ വിഴുപ്പലക്കാൻ ബിജെപിക്ക്‌ സോപ്പിട്ട് പതപ്പിച്ചു കൊടുക്കുന്ന നിലപാട് ആരെടുത്താലും അതിനെ തുറന്നെതീർക്കേണ്ടത് കാലികമായ രാഷ്ട്രീയ പ്രവർത്തനമാണ്. വർക്കിംഗ് കമ്മിറ്റിയംഗത്തിന് പരസ്യമായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകൾ നടത്താമെങ്കിൽ അതെല്ലാം പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്ന് തിരുത്താനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന പ്രവർത്തകരുമുണ്ട്.

പഹൽഗാം അക്രമത്തിനുള്ള തിരിച്ചടിക്ക് ശേഷമുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ്സിൽ നിന്നാരെ തെരഞ്ഞെടുത്താലും അഭിമാനമാണ്. പക്ഷേ കോൺഗ്രസ്സിനോട് ആ കമ്മിറ്റിയിലേക്ക് പ്രതിനിധികളെ അയക്കണമെന്ന് പറയുമ്പോൾ ഒരു പാർട്ടിയെന്ന നിലയിൽ ആലോചിച്ചെടുത്ത് കൊടുക്കുന്ന ലിസ്റ്റ് കേന്ദ്രസർക്കാരിന് അംഗീകരിക്കണം. കോൺഗ്രസ്സിലെ ഏതെങ്കിലും പ്രത്യേക എംപിമാരെ ഡെലിഗേഷന്റെ ഭാഗമാക്കിയാൽ കൊള്ളാമെന്നുള്ള താല്പര്യം സർക്കാരിനുണ്ടെകിൽ ആ അഭിപ്രായവും മല്ലികാർജുൻ ഖാർഗേയെ അറിയിക്കേണ്ടതാണ്. അങ്ങനെ പ്രത്യേക താൽപര്യം അറിയിക്കാത്ത പക്ഷം എഐസിസി ആലോചിച്ച് കൊടുക്കുന്ന ലിസ്റ്റിൽ പെടുന്ന ആളുകളെയാണ് ഡെലിഗേഷന്റെ ഭാഗമാക്കേണ്ടത്. അതിനപ്പുറത്ത് നിന്ന് മാറ്റാളുകളെ സെലക്ട് ചെയ്യുന്നതൊരു മര്യാദകേടാണ്. ഒന്നുകിൽ സർക്കാർ ആഗ്രഹിക്കുന്ന പ്രതിനിധികളുടെ പേര് സഹിതം ആവശ്യപ്പെടണം. തീർച്ചയായും കോൺഗ്രസ് സഹകരിക്കും പിന്തുണയ്ക്കുകയും ചെയ്യുമല്ലോ. പക്ഷേ കോൺഗ്രസിനോട് അത്തരത്തിൽ ഒരു പ്രത്യേക ആവശ്യം പറയാതിരിക്കുമ്പോൾ സ്വാഭാവികമായും എംപിമാരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആളുകളെ അയക്കും. എല്ലാകാലത്തും ഒരാൾ മാത്രം വിദേശ പര്യടനസംഘത്തിന്റെ ഭാഗമായിരുന്നാൽ പോരായെന്നുള്ളത് കൊണ്ടും ഇത്തരം അവസരങ്ങൾക്ക് തുല്യാവകാശം ഉള്ളതുകൊണ്ടും മാറിമാറി അവസരങ്ങൾ കൊടുക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടി എന്നുള്ള നിലയിലെ നടപടിക്രമങ്ങൾ മാത്രമാണ്.

ബിജെപിയും കേന്ദ്രസർക്കാരുമെടുത്ത കുറുക്കൻ കൗശലമാണ് ചർച്ചകൾക്ക് ആധാരമെങ്കിലും പുതിയതല്ലാത്തത് കൊണ്ട് കാര്യമാക്കേണ്ടതുമില്ല. പഹൽഗാമിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക്‌ ഇതുകൊണ്ടൊന്നും ഉത്തരമാകില്ലല്ലൊ. കോൺഗ്രസിനകത്ത് ഏതെങ്കിലുമൊക്കെ സാഹചര്യത്തിൽ പൊതുവിൽ നിന്നും വ്യത്യസ്തമായ അഭിപ്രായം പരസ്യമാക്കുന്നന്നവരെ തിരഞ്ഞുപിടിച്ച് സെലക്ട് ചെയ്യുന്ന ആ നടപടിക്രമങ്ങൾ ഈ ഡെലിഗേഷന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ ഡെലിഗേഷന്റെ ഭാഗമാകാമോ എന്ന് ഏതെങ്കിലുമൊരു എംപിയോടല്ല കേന്ദ്രസർക്കാർ ചോദിക്കേണ്ടത്. മുഖ്യപ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗേയോട് ചോദിച്ചത് പ്രകാരം കൊടുത്ത ലിസ്റ്റ് തൃപ്തികരമല്ലെങ്കിലോ മറ്റാളുകളെ വേണമെങ്കിലോ അതും ആവശ്യപ്പെടാം. അത് ചെയ്യാത്തത് ബിജെപി സർക്കാരിന്റെ അല്പത്തരമാണ്. അത് മനസ്സിലാക്കാതെ, ഏതെങ്കിലും എം പി സ്വന്തം പാർട്ടിയിൽ ഒരു കമ്മ്യൂണിക്കേഷനും നടത്താതെ മോദി സർക്കാർ വിളിക്കുന്ന നിമിഷം തന്നെ താൽപര്യം പറയുന്നത് ഒരു പാകപ്പെട്ട നിലപാടല്ല. വെറുതെ വന്ന് വിമാനറങ്ങിയപ്പോൾ എംപി ആയതല്ല ആരുമെന്ന് മറക്കാനും പാടില്ല. കോൺഗ്രസ്‌ പാർട്ടിയുടെ പേരിലും ചിഹ്നത്തിലും മത്സരിക്കുമ്പോൾ സ്വാഭാവികമായും പാർട്ടിയോട് കാണിക്കേണ്ട ചില ഉത്തരവാദിത്വങ്ങളും മര്യാദകളുമുണ്ടെന്നും ഓർക്കണമായിരുന്നു. എത്ര മികച്ചവരായാലും കോൺഗ്രസ്‌ പാർട്ടിയിലെ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി നാലുവട്ടം എംപിയും കേന്ദ്രമന്ത്രിയും ആയവർ ഇത്തരം നിലാപാടെടുക്കുമ്പോൾ അത് വ്യക്തിതാൽപര്യം മാത്രമാണ്. അതിനെ രാഷ്ട്ര താല്പര്യമെന്ന മേൽവിലാസം കൊടുക്കുന്നത് പോലും അല്പത്തരമാണെന്ന് ഉറച്ചു പറയേണ്ടിവരും.

മോദി സർക്കാർ വിളിച്ച വിളിക്ക് കൂടെച്ചെല്ലാമെന്ന് മറുപടി പറഞ്ഞിട്ട് അക്കാര്യം പാർട്ടിയിൽ അറിയിക്കുമ്പോൾ അതുകേട്ട് മൂളുന്നവരാണ് പാർട്ടി നേതൃത്വമെന്ന തെറ്റിദ്ധാരണയും മാറ്റണം. ഇത്തരം വിഷയങ്ങളിൽ തനിക്ക് വ്യക്തിപരമായൊരു വിളി വന്നിട്ടുണ്ടെങ്കിൽ അതിലെന്ത് തീരുമാനമെടുക്കണമെന്ന് പാർട്ടിയോട് ചോദിക്കാനുള്ള മിനിമം മര്യാദയും ശീലിക്കുന്നത് നല്ലതാണ്. മാത്രമല്ല മാധ്യമപ്രവർത്തകരുടെ മുമ്പിൽ കൃത്യമായി വന്നു പ്രസ്താവന കൊടുക്കാൻ മറക്കാത്തവർ സ്വീകരിക്കുന്ന 'രാഷ്ട്ര താല്പര്യ'ങ്ങൾ ഒരു ഘട്ടത്തിൽ പോലും പാർട്ടിക്ക് ഗുണകരമാകുന്നതല്ലെന്ന് അവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തരം പരിപാടികൾ തുടർന്നുകൊണ്ടിരിക്കുന്നത്. എന്തിനുവേണ്ടിയാണ് ഇതെല്ലാം എന്നുകൂടിയേ ഇനി പൊതുസമൂഹത്തിന് അറിയേണ്ടതുള്ളു. പാർട്ടിയെക്കുറിച്ചുള്ള ചാനലുകൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറഞ്ഞ മറുപടിയാണ് അതിനേക്കാൾ സങ്കടകരം. "അവർ, കോൺഗ്രസ് തീരുമാനിക്കട്ടെ" എന്ന്. താൻ കൂടി അംഗമായ വർക്കിംഗ് കമ്മിറ്റിയിലും കോൺഗ്രസിലും തനിക്ക് ഒരു ബന്ധവുമില്ല എന്ന് മാധ്യമങ്ങളെ തോന്നിപ്പിക്കുന്നയാൾക്ക്‌ താൻ മാത്രം മറ്റേതോ സംഘടന ആണെന്നുള്ള തോന്നലുണ്ടെങ്കിൽ അത് മൗഢ്യമാണ്. വർക്കിംഗ് കമ്മിറ്റി മെമ്പർ എന്ന് പറഞ്ഞാൽ കോൺഗ്രസിനെതിരായിട്ട് മാധ്യമങ്ങളുടെ മുൻപിൽ വന്ന് മോദി സർക്കാറിന് വേണ്ടി വർക്ക് ചെയ്യുന്ന കമ്മറ്റിയല്ല എന്ന് ഇത്തരക്കാർ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. പാർട്ടിയുടെ ഏറ്റവും ഉന്നത സമിതിയംഗം എല്ലായ്‌പ്പോഴും വ്യക്തിപരമായ അഭിപ്രായം മാത്രമല്ല പറയേണ്ടത് വല്ലപ്പോഴും പാർട്ടി നിലപാട് കൂടി പറയണം. പാർട്ടി ഏതാണെന്ന് മറന്നുപോകാതിരിക്കാൻ നല്ലതാണല്ലോ.

ഇന്നേക്ക് ഒരു വർഷം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഈ മികവുറ്റ വ്യക്തിത്വവും പ്രഭാവവും ബിജെപിയും കേന്ദ്രസർക്കാരും കണ്ടില്ലല്ലോ. അവർ നടത്തിയ പ്രചാരണങ്ങൾ ഒന്നുകൂടി ഓർത്തെടുത്താൽ നന്നായിരിക്കും. പാർട്ടിക്കതീതമായ വ്യക്തിപ്രഭാവം ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ബിജെപി കാണുന്നുണ്ടെങ്കിൽ ആ കാഴ്ചയ്ക്ക് കുഴപ്പമുണ്ടെന്ന് തിരിച്ചറിയാനുള്ള വിവേകം കൂടി വിശ്വപുരുഷൻമാർക്ക് ഉണ്ടാകണം. രാഷ്ട്രീയത്തേക്കാൾ വലുതാണ് രാഷ്ട്രം എന്നുള്ള കാഴ്ചപ്പാട് കൊള്ളാം. പക്ഷേ ഈ രാഷ്ട്രത്തിന് രൂപം നൽകിയ, ഈ രാഷ്ട്രത്തിന്റെ ജനാധിപത്യ മതേതര പൗരാവകാശ മൂല്യങ്ങൾ ഇന്നും തലയുയർത്തി നിൽക്കുന്നതിന് കാരണക്കാരായ രാഷ്ട്രീയപാർട്ടി കോൺഗ്രസ്സാണ് എന്നും മറക്കണ്ട. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്ന് വേറിട്ടൊരു ഇന്ത്യ ഇല്ലെന്നും ഓർക്കണം. ആ കോൺഗ്രസിനെ അസ്ഥിരപ്പെടുത്തുന്ന നിലപാടുകൾ മറ്റൊരർത്ഥത്തിൽ രാഷ്ട്രത്തെ തന്നെയാണ്, രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ തന്നെയാണ് ദുർബലപ്പെടുത്തുന്നത്.

ആശയപരമായ അടിത്തറയിൽ അല്പബലം മാത്രമുള്ള ആളുകളെ സ്വീകരിക്കുന്നതിൽ വിശാല വാതിലുള്ള പ്രസ്ഥാനമെന്ന നിലയിൽ പിശകുൾസംഭവിച്ചിട്ടുണ്ടാകാം. പക്ഷേ വന്നു കയറുന്ന ആളുകൾ തിരിച്ചറിയണം എത്തിയ ഇടത്തിന്റെ മഹത്വവും മഹനീയതയും. അതറിഞ്ഞു പെരുമാറാൻ കഴിയുന്നില്ലെങ്കിൽ ആതിഥേയരേക്കാൾ വന്നു കയറിയയാൾ തന്നെയാണ് അല്പനെന്ന് പൊതുസമൂഹം വിലയിരുത്തും. കോൺഗ്രസ്സിന്റെ നിരന്തരം സമരം കൊണ്ട് സമ്മർദ്ദത്തിലാകുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളെ പുകഴ്ത്താൻ വേണ്ടി സമയം കണ്ടെത്തുന്നതിന്റെ നൂറിലൊന്ന് ആത്മാർത്ഥതയോടെ ഇത്തരക്കാരുടെ വിജയത്തിനായി പോസ്റ്റർ ഒട്ടിച്ച് മുദ്രാവാക്യം വിളിച്ച് വ്യാജ പ്രചരണങ്ങൾക്കെതിരെ വാക്കുകൊണ്ട് കവചമായ മനുഷ്യരുടെ, വെയിലുകൊണ്ടും വിയർത്തും മഴനനഞ്ഞും പോരാടിയ മനുഷ്യരുടെ ആത്മാഭിമാന ബോധത്തെ വെല്ലുവിളിക്കാതിരിക്കാനുള്ള ഉള്ള മിനിമം വിവേകവും കാണിക്കാവുന്നതാണ് വിശ്വപുരുഷൻമാർക്ക്. ഇവരുടെ മിടുക്കിൽ ഒരു തർക്കവുമില്ല, പക്ഷേ വിശ്വപൗരന്മാർ പാർട്ടിയോട് അല്പം കൂടി വിശ്വസ്തരാകണം. ഇടം നൽകിയ പ്രസ്ഥാനത്തോട് അല്പമെങ്കിലും വിശ്വസ്തതയും കൂറും കാണിക്കുമെന്നുള്ള പ്രതീക്ഷ ഇനിയും അവശേഷിച്ചിട്ടില്ല.

പുസ്തകങ്ങളിലൂടെയും വായിച്ചും എഴുതിയും കോൺഗ്രസ്സാകുന്നതും നല്ല മാർഗ്ഗം തന്നെയാണ്. പക്ഷേ ലൈബ്രറിയിലെ പുസ്തകതാളുകളിൽ അല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജീവാംശം എന്നും തിരിച്ചറിയണം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ജനകീയ ദിശാബോധം നൽകിയതും ചരിത്രഗതികളെ നേർവഴി നടത്തിയതും മഹാത്മാഗാന്ധി ഇന്ത്യയെ കണ്ടെത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃനിരയിലേക്ക് എത്തിയപ്പോഴാണ്. അതുകൊണ്ട് തന്നെ ലൈബ്രറിയിൽ നിന്നല്ല കോൺഗ്രസിനെ പഠിക്കേണ്ടത്. നാട്ടിലെ സാധാരണ മനുഷ്യരുടെ വികാരങ്ങളിൽ നിന്നും അവരുടെ കണ്ണുകളിലും ഹൃദയസ്പന്ദനങ്ങളിൽ നിന്നുമാണ് കോൺഗ്രസ് എന്താണെന്ന് തിരിച്ചറിയേണ്ടത്. ഒരാൾക്ക് എത്ര വൈകിയാണെങ്കിലും കോൺഗ്രസ്സാകാം. പക്ഷേ എത്ര വൈകുന്നു എന്നുള്ളതും എത്ര വൈകിയിട്ടും എന്തുകൊണ്ട് ആഴത്തിൽ കോൺഗ്രസ് ആകുന്നില്ല എന്നുള്ളതും ചോദ്യമായി തന്നെ അവശേഷിക്കും.

പാടത്തും പറമ്പിലും ചേറിലും പണിയെടുത്തവരുടെയും തെരുവിൽ അലയുന്നവരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും ദളിതരുടെയും ഹൃദയങ്ങളിലേക്ക് വേരാഴ്ത്തിയ കോൺഗ്രസ്സിനെ ചിലരൊക്കെ ചില്ലുമേടയിലേക്ക് പറിച്ചുനട്ടത്തിന്റെ പാപഭാരം ഏറ്റുവാങ്ങിയ തലമുറയാണ് ഇത്. ആ ഗാന്ധിയൻ കോൺഗ്രസിനെ, നെഹ്റുവിയൻ കാഴ്ചപ്പാടിനെ ഭാരത് ജോഡോയിലൂടെ രാഹുൽഗാന്ധിയും കൂട്ടത്തിലെ പതിനായിരങ്ങളും മഴ നനഞ്ഞും മഞ്ഞുകൊണ്ടും തെരുവിലനഞ്ഞ് മനുഷ്യരെ ചേർത്തുപിടിച്ച് വേര് പടർത്താൻ നോക്കുമ്പോൾ അതിൽ കത്തിവയ്ക്കാൻ നോക്കരുത്. കടന്നുവന്ന സമ്പന്ന സവർണ്ണ ഫ്യൂഡൽ സൗകര്യ സംവിധാനങ്ങളിൽ മോൾഡ് ചെയ്യപ്പെട്ട ചിലർക്ക് സംഘപരിവാർ ആശയങ്ങളോട് താദാത്മ്യം പ്രാപിക്കാൻ വലിയ പ്രയാസം ഉണ്ടാകില്ല. പക്ഷേ അടിമുടി കോൺഗ്രസ്സാകാൻ ഒരുപാട് പ്രയാസപ്പെടേണ്ടി വരുമെന്ന് ഞങ്ങൾക്ക് മനസ്സിലാകും. പക്ഷേ ആ പ്രയാസങ്ങൾക്ക് കൊടുക്കേണ്ട വില ഞങ്ങളെ കൊണ്ട് താങ്ങാവുന്നതിന് അപ്പുറം ആണെങ്കിൽ അത് തുറന്ന് പറയുക തന്നെ ചെയ്യും.


Full View


Tags:    
News Summary - Dr Jinto John Criticize to Shashi Tharoor's Anti Congress Stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.