ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാത്തത് വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറക്കലുമായി ബന്ധപ്പെട്ട് അണഞ്ഞ രാഷ്ട്രീയ വിവാദം അനാവശ്യ ഇടപെടലിലൂടെ ആളിക്കത്തിച്ച് സർക്കാറിനെ വെട്ടിലാക്കിയ ആരോഗ്യ വകുപ്പിന്റെ നീക്കത്തിൽ പാർട്ടിയിലും മുന്നണിയിലും അമർഷം പുകയുന്നു.
വിവാദത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനവികാരം ഡോക്ടർക്ക് അനുകൂലമാകുകയും സർക്കാറിനോട് അമർഷം കടുക്കുകയും ചെയ്തതോടെ പ്രശ്നം തീർക്കാൻ നിർദേശിച്ച് സി.പി.എം ഇടപെട്ടു. വിവാദം അവസാനിപ്പിക്കുന്നതിനു പകരം ‘സിസ്റ്റത്തിന്റെ പ്രശ്നമാണ്’ ഡോക്ടർ ചൂണ്ടിക്കാട്ടിയതെന്ന് സമ്മതിച്ച് മന്ത്രി വീണാ ജോർജ് സ്വയം കുഴിവെട്ടിയതിന് പിന്നാലെ, ആരോഗ്യ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതാണ് പ്രശ്നം വഷളാക്കിയതെന്നാണ് പാർട്ടിയിലെ വിമർശനം. ഇക്കാര്യം സെക്രട്ടറി എം.വി. ഗോവിന്ദൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതോടെയാണ് ആരോഗ്യ വകുപ്പ് അയഞ്ഞ് അനുനയ നീക്കം ആരംഭിച്ചത്.
അവസ്ഥ തുറന്നുപറഞ്ഞ ഡോക്ടർ വിവാദത്തിൽ ക്ഷമ ചോദിച്ച് സർക്കാറിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചെങ്കിലും വേട്ടയാടുന്ന നിലപാടാണ് ആരോഗ്യ വകുപ്പിൽനിന്നുണ്ടായതെന്നാണ് സി.പി.ഐയിലെ പൊതുവികാരം. എന്നാൽ, സി.പി.എം വകുപ്പിലെ പ്രശ്നത്തിൽ പരസ്യ അഭിപ്രായപ്രകടനത്തിന് ഇവർ ഒരുക്കമല്ല. ഡോക്ടർക്കെതിരായ നടപടി അവസാനിപ്പിക്കണമെന്നാണ് ഐ.എൻ.എല്ലിന്റെ നിലപാട്. തിരുവനന്തപുരം ജില്ല കമ്മിറ്റി ഇത് പരസ്യമാക്കി രംഗത്തുവന്നു.
മനുഷ്യ-വന്യജീവി സംഘർഷത്തിൽ വനംവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ നേരത്തെ ജോസ് കെ. മാണി ആവശ്യപ്പെട്ടതിനെ മുന്നണി മര്യാദയുടെ ലംഘനമെന്ന് വിമർശിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തുവന്നിരുന്നു. ഇത് കേരള കോൺഗ്രസ് (എം) -എൻ.സി.പി (എസ്) പരോക്ഷ പോരായതോടെ പരസ്യപ്രതികരണം സി.പി.എം വിലക്കുകയായിരുന്നു.
ആ നില ആവർത്തിക്കാതിരിക്കാനാണ് ‘സിസ്റ്റം’ പ്രശ്നത്തിൽ മുന്നണിക്കുള്ളിലെ പുകച്ചിൽ പുറത്തുവരാത്തതെന്നും പരസ്യ പ്രതികരണം പ്രതിപക്ഷം ആയുധമാക്കുമെന്നും എൽ.ഡി.എഫ് കക്ഷി നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.മൂന്നാം സർക്കാറിനായി നിലമൊരുക്കുമ്പോൾ ആരോഗ്യ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ പ്രതിഷേധം ശക്തമാക്കാനുള്ള കോൺഗ്രസ് നീക്കവും മുന്നണി നേതാക്കളുടെ മുന്നിലുണ്ട്.
ആശുപത്രി ഉപകരണം കളവുപോയതിൽ ഹാരിസിനെ ‘പ്രതിക്കൂട്ടിലാക്കി’യ അന്വേഷണവും ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ വാർത്തസമ്മേളനവും അവസാനം വകുപ്പിന് ഇരട്ട പ്രഹരമായിട്ടുണ്ട്. ഡോ. കഫീൽ ഖാനെ യു.പി സർക്കാർ വേട്ടയാടിയതിന് സമാനമാണ് ഡോ. ഹാരിസിനെതിരായ കേരള സർക്കാർ നടപടിയെന്നാണ് പ്രതിപക്ഷ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.