കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രം മാറ്റാത്തതിനെ തുടർന്ന് രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ബഹിഷ്കരിച്ച മന്ത്രി പി. പ്രസാദിന്‍റെ നടപടി ചർച്ചയാവുകയാണല്ലോ. ആർ.എസ്.എസ് ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. അതേസമയം, ചിത്രം മാറ്റില്ലെന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നിലപാട്. എന്താണ് ഭാരതമാതാവ് എന്ന സങ്കൽപ്പം എന്നതിനെ കുറിച്ചും സജീവമായ ചർച്ചകൾ നടക്കുകയാണ്. ഭാരതമാതാവ് ആരാണ് എന്ന ചോദ്യത്തിന് ജവഹർലാൽ നെഹ്റുവിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇടതു സഹയാത്രികനും ഗവേഷകനുമായ ഡോ. അമൽ സി. രാജൻ. നെഹ്റുവിന്‍റെ 'ഇന്ത്യയെ കണ്ടെത്തൽ' പുസ്തകത്തിലാണ് ഭാരതമാതാവ് ആരാണ് എന്ന് വിശദീകരിക്കുന്നത്.
ഇന്ത്യയിലെ കോടിക്കണക്കിനായ ജനങ്ങളാണ് ഭാരതമാതാവ് എന്നാണ് നെഹ്റു പറഞ്ഞത്. മിത്തുകൾ കൈവശപ്പെടുത്തി വച്ചിരുന്ന 'മഹനീയമായ' കേന്ദ്ര സ്ഥാനത്ത് അതിനു പകരം മനുഷ്യരെ പ്രതിഷ്ഠിച്ചപ്പോഴാണ് അസമത്വപൂർണമായ ഹിന്ദുസ്ഥാനത്തിൽ നിന്നും തുല്യ മൂല്യമുള്ള മനുഷ്യർക്കവകാശപ്പെട്ട ഇന്ത്യ എന്ന ആധുനിക രാഷ്ട്രമുണ്ടായത്. അതിനെ വീണ്ടും ശ്രേണീകൃത അസമത്വത്തിൻ്റെ ബ്രാഹ്മണിക "ഭാരതവർഷ്" ആക്കിമാറ്റാനാണ് ഹിന്ദുത്വം പരിശ്രമിക്കുന്നതെന്നും ഡോ. അമൽ സി. രാജൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ആരാണീ ഭാരതമാതാവ് ?
ആർ.എസ്.എസിന്‍റെ ഭാരതമാതാവാണോ അബനീന്ദ്ര നാഥിന്‍റെ ഭാരതമാതാവാണോ യഥാർഥ ഭാരതമാതാവ്? അതോ സർക്കാർ പരിപാടികളിലെ നിശ്ചലദൃശ്യമായി ത്രിവർണ പതാകയേന്തി നിൽക്കുന്ന പെൺകുട്ടിയാണോ ഭാരതമാതാവ്?
നമ്മൾ ജയ് വിളിക്കുന്ന ഈ ഭാരതമാതാവ് ആരാണ് എന്ന ചോദ്യത്തിന് ജവഹർലാൽ നെഹ്റുവിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. 'ഇന്ത്യയെ കണ്ടെത്തലിൽ' അതിങ്ങനെ വായിക്കാം.
"ഞാൻ ഒരു സമ്മേളനത്തിലെത്തുമ്പോഴേക്കും സ്വാഗതവാക്യത്തിന്റെ ഒരു മഹാരവം എന്നെ അഭിവാദ്യം ചെയ്യും; "ഭാരതമാതാ കീ ജയ്" ആ ജയഘോഷത്തിന്റെ അർഥമെന്താണെന്ന് അവർ നിനച്ചിരിക്കാത്ത ഒരു ചോദ്യം ഞാൻ അവരോടു ചോദിക്കും. അവർ വിജയം നേരുന്ന ഈ ഭാരതമാതാവ് ആരാണ്?
എന്‍റെ ചോദ്യം അവരെ രസിപ്പിക്കും, അമ്പരപ്പിക്കും. എന്നിട്ട് എന്താണ് ഉത്തരം പറയേണ്ടതെന്നറിയാതെ അവർ അന്യോന്യവും പിന്നീട് എന്നെയും നോക്കും. ഞാനെന്റെ ചോദ്യം വിടുകയില്ല. ഒടുക്കം ഓർമിക്കാനരുതാത്ത തലമുറകൾക്ക്മുമ്പുമുതലേ മണ്ണിൽ കളിച്ചു പുളച്ചു കഴിയുന്ന ഒരുന്മേഷശാലിയായ ജാഠ് പറയും.
"ധർത്തീ..." - ഇന്ത്യയുടെ പവിത്രമായ മണ്ണ് എന്ന്.
എന്തു മണ്ണ്? തങ്ങളുടെ സ്വന്തം ഗ്രാമത്തിലെ മണ്ണോ? ജില്ലയിൽ, സംസ്ഥാനത്തിൽ, ഇന്ത്യയിലാകെ, എങ്ങുമുള്ള മണ്ണോ? അങ്ങനെ ചോദ്യവും ഉത്തരവുംതുടർന്നു പോകും. ഒടുവിൽ ക്ഷമകെട്ട് അതിനെക്കുറിച്ചൊക്കെ വിസ്തരമായി പറഞ്ഞുകൊടുക്കാൻ അവർ എന്നോടാവശ്യപ്പെടും. അങ്ങനെ ചെയ്യാൻ ഞാൻ ശ്രമിക്കും. അവരുടെ വിചാരപരിധിയിൽപ്പെട്ട ഇതൊക്കെ ഇന്ത്യയാണ്. പക്ഷേ, ഇന്ത്യ അതിലും വളരെ കൂടുതലാണ് എന്ന് ഞാൻ
വിവരിക്കും. ഇന്ത്യയിലെ പർവതങ്ങളും നദികളും വനങ്ങളും നമുക്കു ഭക്ഷണം തരുന്ന വിശാലമായ വയലുകളും എല്ലാം നമുക്കു പ്രിയപ്പെട്ടവ തന്നെ. പക്ഷേ, എല്ലാറ്റിലുമേറെയായി ഗണിക്കേണ്ടത് ഇന്ത്യയിലെ ജനതയേയാണ്. അവരെയും എന്നേയും പോലുള്ള ആളുകൾ. അവരാകട്ടെ ഈ പരന്ന നാട്ടിൽ മുഴുക്കെ വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. സാരമായി നോക്കിയാൽ ഈ കോടിക്കണക്കിലുള്ള ജനമാണ് ഭാരതമാതാവ്. അവരുടെ ജയമെന്നുവെച്ചാൽ ഈ ജനത്തിന്റെ ജയമെന്നാണർഥം. നിങ്ങൾ ഈ ഭാരതമാതാവിന്റെ അംശങ്ങളാണ്. ഒരു വിധത്തിൽ നിങ്ങൾ തന്നെയാണ് ഭാരതമാതാവ് എന്ന് ഞാൻ അവരോടു പറയും. ഈ ആശയം പതുക്കെ അവരുടെ തലച്ചോറിൽ കിനിഞ്ഞു ചെന്നെത്തുമ്പോൾ, ഒരു വമ്പിച്ച കണ്ടുപിടിത്തം സാധിച്ചാലത്തെപ്പോലെ അവരുടെ കണ്ണുകൾ പ്രകാശിക്കും."
ഇന്ത്യയുടെ സ്വത്വ സൃഷ്ടി മിത്തിലും മതത്തിലുമായി നടക്കേണ്ട ഒന്നല്ല, ഈ ദേശത്തിൻ്റെ കേന്ദ്രം പുണ്യതീർഥങ്ങളോ വിശുദ്ധ പർവതങ്ങളോ അല്ല, മറിച്ച് ഇവിടെ ജീവിക്കുന്ന മനുഷ്യരാണ്. മിത്തുകൾ കൈവശപ്പെടുത്തി വച്ചിരുന്ന 'മഹനീയമായ' കേന്ദ്ര സ്ഥാനത്ത് അതിനു പകരം മനുഷ്യരെ പ്രതിഷ്ഠിച്ചപ്പോഴാണ് അസമത്വപൂർണമായ ഹിന്ദുസ്ഥാനത്തിൽ നിന്നും തുല്യ മൂല്യമുള്ള മനുഷ്യർക്കവകാശപ്പെട്ട ഇന്ത്യ എന്ന ആധുനിക രാഷ്ട്രമുണ്ടായത്. അതിനെ വീണ്ടും ശ്രേണീകൃത അസമത്വത്തിൻ്റെ ബ്രാഹ്മണിക "ഭാരതവർഷ്" ആക്കിമാറ്റാനാണ് ഹിന്ദുത്വം പരിശ്രമിക്കുന്നത്. രാജ്ഭവനിൽ നിന്നുള്ള തിട്ടൂരത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയും കരുത്തോടെ പ്രതിരോധിക്കുകയും ചെയ്ത കൃഷിവകുപ്പു മന്ത്രി സഖാവ് പി. പ്രസാദിന് അഭിവാദ്യങ്ങൾ. ജവഹർലാൽ നെഹ്റു പറഞ്ഞതുപോലെ ജനങ്ങളാണ് രാജ്യം, അല്ലാതെ സംഘ് കാര്യാലങ്ങളിലെ കാവിഭൂപടമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.