പത്തനംതിട്ട: ദ്വാരപാലക ശിൽപപ്പാളികളിൽനിന്ന് സ്വർണം നഷ്ടമായെന്ന ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിനിടെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നടന്ന ശബരിമല ശ്രീകോവിൽവാതിൽ നിർമാണത്തിലും സംശയം. പുതിയ വാതിലിൽ സ്വർണംപൂശിയ പഴയ ലോക്കുകൾതന്നെ ഉപയോഗിച്ചെന്ന ശിൽപിയുടെ വെളിപ്പെടുത്തലാണ് ദുരൂഹത വർധിപ്പിക്കുന്നത്.
നേരത്തേയുണ്ടായിരുന്ന വാതിലിലെ സ്വർണംപൂശിയ ലോക്കുകൾതന്നെ പുതിയതിൽ ഉപയോഗിച്ചെന്ന് വാതിൽ നിർമിച്ച നന്ദകുമാര്‍ ഇളവള്ളി പറയുന്നു. ഇതോടെ പഴയ വാതിൽ ശബരിമലയിലുണ്ടെന്ന് ദേവസ്വം ബോർഡ് പറയുമ്പോഴും, ഇത് യഥേഷ്ടം കൈകാര്യം ചെയ്യാൻ ഉണ്ണികൃഷ്ണന് ലഭിച്ചിരുന്നോയെന്ന സംശയമാണ് ഉയരുന്നത്. പഴയ ലോക്ക് ദേവസ്വം സ്വത്താണെന്നിരിക്കെ, എന്തിന് സ്പോൺസർക്ക് കൈമാറിയെന്ന ചോദ്യത്തിനും ബോർഡ് മറുപടി നൽകിയിട്ടില്ല.
1999ൽ വിജയ് മല്യ ശ്രീകോവിൽവാതിലിലും സ്വർണം പൊതിഞ്ഞിരുന്നു. എന്നാൽ, 2018ൽ വാതിൽ കൃത്യമായ അടയാത്തതിനാൽ എലികളടക്കം ഉള്ളിൽകയറുന്നുവെന്ന് തന്ത്രിയും മേൽശാന്തിയും അറിയിച്ചതോടെയാണ് പുതിയ വാതിൽ നിർമിക്കാൻ ബോർഡ് തീരുമാനിച്ചത്. ഇതിനുള്ള സ്പോൺസർഷിപ് ഉണ്ണികൃഷ്ണൻ പോറ്റി ഏറ്റെടുക്കുകയായിരുന്നു. മറ്റ് അഞ്ചുപേർക്കൊപ്പം നിർമാണം ഏറ്റെടുത്തതായാണ് രേഖകൾ.
2018 ഡിസംബറിൽ ബംഗളൂരു ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലായിരുന്നു വാതിൽനിർമാണം. ക്ഷേത്രത്തിലെ തന്ത്രിയാണ് വാതിൽ നിർമിക്കാൻ ആദ്യം ആവശ്യപ്പെട്ടതെന്ന് നന്ദകുമാര്‍ ഇളവള്ളി പറഞ്ഞു. ഇതിനുശേഷം ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ബന്ധപ്പെട്ടു. തുടർന്ന് സന്നിധാനത്ത് പോയി അളവെടുക്കുകയായിരുന്നു. ചൊവ്വൂരിൽനിന്നാണ് വാതിൽ നിര്‍മിക്കുന്നതിനുള്ള നിലമ്പൂർ തേക്ക് വാങ്ങിയത്. നിർമാണത്തിനുശേഷം ഇത് ഹൈദരാബാദിലെത്തിച്ച് ചെമ്പും ചെന്നൈയിലെത്തിച്ച് സ്വര്‍ണവും പൂശിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഈ വാതിൽ ചെന്നൈയിലടക്കം പ്രദർശിപ്പിക്കുകയും ജയറാം ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് പൂജ നടത്തുകയും ചെയ്ത വിവരങ്ങൾ പുറത്തുവന്നിരുന്നു. കോട്ടയം പള്ളിക്കത്തോട്ടിൽനിന്ന് ഘോഷയാത്രയായാണ് ഇത് സന്നിധാനത്തേക്കെത്തിച്ചത്. ഇത്തരത്തിൽ വലിയ ആഘോഷമായി നിർമിച്ച വാതിലിൽ പഴയ പൂട്ട് എന്തിനാണ് ഉപയോഗിച്ചതെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത് എങ്ങനെ ലഭിച്ചെന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം പുറത്തുവരേണ്ടതുണ്ട്.
ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ വിശദീകരണമാകും നിർണായകമാകുക.
വാതിൽ നിർമിച്ചശേഷമായിരുന്നു 2019ൽ ദ്വാരപാലക ശിൽപപ്പാളികളിൽ സ്വർണം പൂശാനുള്ള സ്പോൺസർഷിപ്പും ഉണ്ണികൃഷ്ണൻ ഏറ്റെടുത്തത്. അടുത്തിടെ, ഈ ശ്രീകോവിൽ വാതിലിൽ സുഷിരവും കട്ടിലപ്പടികളിൽ കേടുപാടും കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാനും ഉണ്ണികൃഷ്ണൻ പോറ്റിയെത്തന്നെയാണ് ദേവസ്വം ബോർഡ് ബന്ധപ്പെട്ടത്. ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണികൾക്കൊപ്പം നടത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് ഹൈകോടതി അനുമതിയില്ലാതെ ദ്വാരപാലക ശിൽപപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് വിവാദമായതും തട്ടിപ്പുകൾ പുറത്തുവന്നതും. ഇപ്പോൾ ശ്രീകോവിൽ വാതിലിന്റെ തകരാർ പരിഹരിക്കുമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.