കൊച്ചി: റേഷൻ വാതിൽപടി വിതരണത്തിലെ വാഹന വാടക കുടിശ്ശിക ആവശ്യപ്പെട്ട് കരാറുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. എഫ്.സി.ഐ, സി.എം.ആർ ഗോഡൗണുകളിലേക്ക് സാധനങ്ങൾ എത്തിച്ച വകയിൽ ലഭിക്കാനുള്ള തുക പത്തിനകം ലഭിച്ചില്ലെങ്കിൽ 11ന് സൂചന പണിമുടക്കും തുടർന്ന് മറ്റ് സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് കേരള ട്രാൻസ്‌പോർട്ടിങ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 56 കരാറുകാർക്ക് 100 കോടിയോളം രൂപയാണ് സപ്ലൈകോയിൽനിന്ന് ലഭിക്കാനുള്ളത്. ധനവകുപ്പിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശികക്ക് കാരണമെന്നാണ് സപ്ലൈകോ പറയുന്നത്.
സെപ്റ്റംബർ മുതലുള്ള ബില്ലിന്‍റെ 90 ശതമാനം ഉടൻ അനുവദിക്കുകയും സപ്ലൈകോ പിടിച്ചുവെച്ച 10 ശതമാനം തുക ഓഡിറ്റ് പൂർത്തീകരിച്ച് കരാറുകാർക്ക് നൽകുകയും വേണം. ചുമട്ട് തൊഴിലാളി ക്ഷേമനിധിയുടെ പേരിലുള്ള അമിതമായ ഇടപെടൽ അവസാനിപ്പിക്കണമെന്നും ജനറൽ സെക്രട്ടറി ഫഹദ് ബിൻ ഇസ്മയിൽ, മുഹമ്മദ് റഫീഖ്, കെ.പി. ജയിംസ്, ടി.എം. യൂസഫ്, ഇഖ്ബാൽ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.