സജി ചെറിയാനെ ചുളുവിൽ തിരിച്ചുകൊണ്ടുവരാൻ ഡാം തുറന്നുവിടരുത് -വി.ടി. ബൽറാം

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച് പ്രസംഗിച്ചതിന്റെ പേരിൽ രാജിവെച്ച മന്ത്രി സജിചെറിയാനെ തിരികെ മന്ത്രിയാക്കാൻ ഡാമൊന്നും തുറന്നുവിടരുതെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. കഴിഞ്ഞ തവണ ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ പ്രളയകാലത്ത് തിരിച്ചെടുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.

'ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു' എന്നാണ് ബൽറാം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്.

ഭരണഘടന വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായതിനെ തുടർന്നാണ് മന്ത്രി സജി ചെറിയാൻ ഇന്ന് വൈകീട്ട് രാജിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു രാജി. ഇന്ന് ചേർന്ന സി.പി.എം ​സംസ്ഥാന സെക്രട്ടറിയേറ്റിൽ സജി ചെറിയാനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. സി.പി.എം കേന്ദ്രനേതൃത്വവും സജി ചെറിയാൻ രാജിവെക്കണമെന്ന നിലപാട് എടുത്തിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദമാണ് സജി ചെറിയാന്റെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്.

മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്. മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്' -ഇതായിരുന്നു മന്ത്രിയുടെ വിവദമായ പ്രസംഗം.

Tags:    
News Summary - Don't open the dam to bring back Saji Cherian to minister post -V.T. Balram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.