കൊച്ചി: വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ പ്രതിയുടെ അപേക്ഷ വിജയ് മല്യയെയും നീരവ് മോദിയെയും ഉദാഹരിച്ച് നിരസിച്ച സെഷൻസ് കോടതി നടപടിയെ വിമർശിച്ച് ഹൈകോടതി. 2018ൽ 18 വയസ്സുള്ളപ്പോൾ ലഹരിക്കേസിൽ പ്രതിയായ തൃശൂർ കൂർക്കഞ്ചേരി സ്വദേശി സൂര്യനാരായണൻ സമർപ്പിച്ച അപേക്ഷ നിരസിച്ച ഉത്തരവിലെ പരാമർശം അനുചിതമെന്ന് നിരീക്ഷിച്ച ജസ്റ്റിസ് വി.ജി. അരുൺ, അപേക്ഷ വീണ്ടും പരിഗണിച്ച് തീർപ്പാക്കാനും ഉത്തരവിട്ടു.
പിടിയിലായി ഒരുവർഷത്തിനുശേഷം ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് വിദേശത്ത് പോകാൻ അനുമതിക്കായി ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ, തട്ടിപ്പ് നടത്തി വിദേശത്തുപോയശേഷം തിരിച്ചെത്താത്ത മല്യയുടെയും നീരവ് മോദിയുടെയും കേസുമായി ഉപമിച്ച് അഡീ. സെഷൻസ് കോടതി അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെയാണ് ഹൈകോടതി വിർശിച്ചത്.
ജീവനോപാധിയെന്ന നിലയിൽ തൊഴിൽ തേടാനാണ് ഇയാൾ അനുമതി തേടിയത്. വിചാരണ അടുത്തൊന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്ന് അഡീ. സെഷൻസ് കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ച റിപ്പോർട്ട് പരിശോധിച്ചശേഷം സിംഗിൾ ബെഞ്ച് വിലയിരുത്തി. തുടർന്നാണ് അപേക്ഷ വേഗം പരിഗണിച്ച് അനുമതി നൽകാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.