തിരുവനന്തപുരം: അമ്മ അറിയാതെ ദത്ത് നൽകിയ സംഭവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അനുപമ കുഞ്ഞിന് ജന്മം നൽകിയ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലെയും ജനനം രജിസ്റ്റർ ചെയ്ത കാട്ടാക്കട ഗ്രാമപഞ്ചായത്തിലെയും രേഖകളാണ് കസ്റ്റഡിയിലെടുത്തത്.
കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാൻ സി.ഡബ്ല്യു.സിയോടും അഡോപ്ഷൻ റിസോഴ്സ് ഏജൻസിയോടും പൊലീസ് ആവശ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.
അനുപമയുടെ കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റിൽ തിരിമറി നടന്നതിെൻറ രേഖകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കുഞ്ഞിന്‍റെ പിതാവിെൻറ പേരും മേല്‍വിലാസവും തെറ്റായാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിതാവ് അജിത്തിെൻറ പേരിന് പകരം ജയകുമാര്‍ എന്നാണ് സർട്ടിഫിക്കറ്റിൽ നല്‍കിയിരിക്കുന്നത്.
കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ് അജിത്ത്. എന്നാല്‍, ജനനസര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്നത് തിരുവനന്തപുരം മണക്കാടുള്ള ഒരു മേല്‍വിലാസമാണ്. കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അനുപമ 2020 ഒക്ടോബര്‍ 19ന് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.
അവിടെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പഞ്ചായത്ത് നല്‍കിയ ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ മാതാവിെൻറ പേരിെൻറ സ്ഥാനത്ത് അനുപമ എസ്. ചന്ദ്രന്‍ എന്ന് കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
2020 ഒക്ടോബര്‍ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങും വഴി ജഗതിയില്‍ വെച്ച് തന്റെ മാതാപിതാക്കൾ ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തു കൊണ്ടുപോയി എന്നായിരുന്നു മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ അനുപമയുടെ പരാതി.
അനുപമയുടെ പിതാവും സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്. ജയചന്ദ്രന്, മാതാവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ്, അനുപമയുടെ സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് അരുൺ, ജയചന്ദ്രന്റെ സുഹൃത്തുക്കളും സി.പി.എം പ്രാദേശിക നേതാക്കളുമായ രമേശൻ, അനിൽകുമാർ എന്നിവർക്കെതിരാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.