തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന പ്രതിദിന തീർഥാടകരുടെ എണ്ണം 5000 ആയി വർധിപ്പിക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയിൽ ഹരജി നൽകി. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ വകുപ്പ്, റവന്യു വകുപ്പ്, ദേവസ്വം വകുപ്പ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കണക്കുകൾ പരിഗണിക്കാതെയാണു ഹൈകോടതി തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണു കേരളത്തിന്റെ പ്രത്യേക അനുമതി ഹർജി. ബ്രിട്ടൺ ഉൾപ്പടെയുളള രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുകയാണ്. ശബരിമലയിൽ ഇതിനോടകം തന്നെ പോലീസുകാരുൾപ്പടെ 250 ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ദേവസ്വം ബോർഡ് ജീവനക്കാരും തീർഥാടകരും ഉൾപ്പെടും.
ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. ഇതോടെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 2,000 പേരെയും ശനി ഞായർ ദിവസങ്ങളിൽ 3,000 പേരെയും ശബരിമലയിൽ പ്രവേശിപ്പിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുളള ഉന്നതതല സമിതി തീരുമാനിച്ചത്. ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.