പൊന്മുടിയിൽ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ കലക്ടറുടെ ഉത്തരവ്

വിതുര: പൊന്മുടി മെര്‍ക്കിസ്റ്റണിലെ അനധികൃത നിർമാണം അടിയന്തിരമായി പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കി. കഴിഞ്ഞമാസം 26-മുതല്‍ 29-വരെ പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നടന്ന ഏഷ്യന്‍ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന്റെ മറവിലാണ് അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മിച്ചത്. അന്നു തന്നെ ജില്ലാ കലക്ടര്‍  നിർമാണം നിര്‍ത്തിവയ്ക്കാന്‍ തഹസില്‍ദാര്‍ക്കും പെരിങ്ങമ്മല പഞ്ചായത്ത് സെക്രട്ടറിയ്ക്കും തെന്നൂര്‍ വില്ലേജ് ഓഫീസര്‍ക്കും ഉത്തരവുനല്‍കിയിരുന്നു.

എന്നാല്‍, ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് നാലു കെട്ടിടങ്ങള്‍ നിർമിച്ചത്. താല്‍ക്കാലികമായി നിര്‍മിച്ച കെട്ടിടങ്ങളാണെന്നും മത്സരങ്ങള്‍ അവസാനിച്ചാല്‍ പൊളിച്ചുമാറ്റുമെന്നും സംഘാടകസമിതിയും എസ്റ്റേറ്റ് ഉടമകളും അന്ന് ഉറപ്പു നല്‍കിയിരുന്നു. പെരിങ്ങമ്മല പഞ്ചായത്ത് ഭരണസമിതി സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വിശദമായ റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ക്ക് നല്‍കിയിരുന്നു.

നിര്‍മാണം നിര്‍ത്താൻ പൊന്മുടി എസ്.എച്ച്.ഒയ്ക്കും പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മത്സരങ്ങള്‍ കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കലക്ടര്‍ പുതിയ ഉത്തരവിറക്കിയത്. ഇത് നടപ്പിലാക്കാനായി പെരിങ്ങമ്മല ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ്, സെക്രട്ടറി, പൊന്മുടി എസ്.എച്ച്.ഒ, നെടുമങ്ങാട് തഹസില്‍ദാര്‍, തെന്നൂര്‍ വില്ലേജ് ഓഫീസര്‍ എന്നിവരുടെ സംയുക്തയോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.

ഈ യോഗത്തില്‍ തഹസില്‍ദാര്‍ എത്താത്തതിനാല്‍ തീരുമാനങ്ങളെടുക്കാനായില്ല. അടുത്തയോഗം കലക്ടറേറ്റില്‍ വിളിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.

പരിസ്ഥിതിലോല പ്രദേശമായ പൊന്മുടിയില്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നിയന്ത്രണങ്ങളെ കാറ്റില്‍പറത്തിക്കൊണ്ട് റോഡുകളും കെട്ടിടങ്ങളും നിർമിച്ചത്. മാത്രമല്ല, എസ്‌റ്റേറ്റ് ഉടമസ്ഥതയെ ചൊല്ലി സര്‍ക്കാര്‍ വാദിയായ കേസ് ഹൈക്കോടതിയില്‍ നിലനില്കുന്നുകയുമാണ്. 

Tags:    
News Summary - District Collector's order to demolish buildings constructed in Ponmudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.