കൊച്ചി: വെള്ളാപ്പള്ളി നടേശൻ അടക്കം എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍മാർ അയോഗ്യരാണോ എന്ന കാര്യത്തിൽ തീര്‍പ്പ് കല്‍പിക്കാൻ വീണ്ടും രജിസ്ട്രേഷൻ ഐ.ജിക്ക് ഹൈകോടതി നിർദേശം. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടി ഡയറക്ടർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രഫ. എം.കെ. സാനു സമര്‍പ്പിച്ച നിവേദനത്തിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാനുള്ള മുൻ ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിലാണ് ഒന്നരമാസത്തിനകം ഇക്കാര്യത്തിൽ നടപടിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. ഹരജിക്കാരനെയും നടപടിക്ക് സാധ്യതയുള്ള ഡയറക്ടർമാരെയും ഒരു മാസത്തിനകം കേട്ട ശേഷം രണ്ടാഴ്ചക്കകം തീരുമാനമെടുക്കണം.
2021 ജനുവരിയിലെ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ രജിസ്ട്രേഷൻ ഐ.ജി നടപടിയെടുക്കാതിരിക്കുകയും സിവിൽ കോടതിയെ സമീപിച്ച് തീർപ്പാക്കാൻ ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിൽ എം.കെ. സാനുവടക്കം ഹരജിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശപ്രകാരം നിശ്ചിത സമയത്തിനകം ഐ.ജി ചുമതല നിർവഹിച്ചില്ലെന്നും ഇത് അനുചിതമാണെന്നും കോടതി വിമർശിച്ചു. വിഷയം വീണ്ടും രജിസ്ട്രേഷൻ ഐ.ജിക്ക് വിടുന്നത് സമയം പാഴാക്കാനിടയാക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. വർഷങ്ങളായി പൊതുയോഗം നടക്കുന്നില്ല. അയോഗ്യരെങ്കിലും ഡയറക്ടർ ബോർഡ് അംഗങ്ങളെ സ്ഥാനത്ത് തൂങ്ങിക്കിടക്കാൻ ഫലത്തിൽ അനുവദിക്കുകയാണ്. അവരെ തുടരാൻ അനുവദിക്കുന്നത് അനുചിതമാണെന്നും ഹരജിക്കാർ വാദിച്ചു.
ഉത്തരവ് പാലിക്കാത്ത ഐ.ജിയുടെ നടപടി പൊറുക്കാവുന്നതല്ലെന്നും ജുഡീഷ്യൽ സംവിധാനത്തിന്‍റെ വിശ്വാസ്യതെയും മതിപ്പിനെയും ബാധിക്കുന്നതുമാണെന്നും വിലയിരുത്തിയ ഹൈകോടതി, വിഷയം സിവിൽ കോടതിയിൽ തീർപ്പാക്കാനുള്ള ഐ.ജിയുടെ ഉത്തരവ് റദ്ദാക്കി. തുടർന്നാണ് ഒന്നര മാസത്തിനകം തീരുമാനമെടുക്കാൻ ഐ.ജിക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.