പ്രണയസന്ദേശം അയച്ചതുമായി ബന്ധപ്പെട്ട തർക്കം; പരീക്ഷകഴിഞ്ഞിറങ്ങിയ വിദ്യാർഥിനിക്ക് മർദനം

ആലപ്പുഴ: എസ്​.എസ്​.എൽ.സി പരീക്ഷ കഴിഞ്ഞ്​​ പുറത്തിറങ്ങിയ ​വിദ്യാർഥിനിയെ ക്ലാസ്​ മുറിയിലിട്ട്​ മർദിച്ചതായി പരാതി. സൗത്ത്​ പൊലീസ്​ പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർനടപടിക്കായി കേസ്​ ആലപ്പുഴ വനിത പൊലീസിന്​ കൈമാറി. ആലപ്പുഴ സ്വദേശിനിയായ 15കാരിക്കാണ്​​ മർദനമേറ്റത്​.​ ഇൻസ്റ്റഗ്രാമിൽ ‘പ്രണയസന്ദേശം’ അയച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്​ മർദനത്തിൽ കലാശിച്ചത്​. ​പെൺകുട്ടി സംഭവദിവസം തന്നെ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സതേടിയിരുന്നു.

നഗരത്തിലെ ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച ഉച്ചക്കാണ്​​ സംഭവം. പരീക്ഷ കഴിഞ്ഞ്​ പുറത്തേക്ക്​ ഇറങ്ങവെ പിടിച്ചുവലിച്ച്​ ക്ലാസ്​ മുറിയിലേക്ക്​ കയറ്റി സഹപാഠിയായ മറ്റൊരു പെൺകുട്ടി മർദിച്ചുവെന്നാണ്​ പരാതി. അതേസമയം, പെൺകുട്ടി അടിച്ചപ്പോൾ തിരിച്ചടിച്ചുവെന്നാണ്​ സംഭവത്തിൽ ഉൾപ്പെട്ട മറ്റ്​ പെൺകുട്ടികൾ രേഖാമൂലം നൽകിയ മറുപടിയെന്ന്​ സ്കൂൾ അധികൃതർക്ക്​ പറഞ്ഞു. പ്രശ്നം ഒത്തുതീർപ്പാക്കാൻ ബുധനാഴ്ച പി.ടി.എയുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർ വിളിച്ച യോഗവും ബഹളത്തിൽ കലാശിച്ചു.

ഇതിനിടെ, അസ്വസ്ഥ അനുഭവപ്പെട്ട മറ്റൊരു പെൺകുട്ടിയെയും മർദനമേറ്റ പെൺകുട്ടിയെയും ആലപ്പുഴ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനികളുടെ പരാതി കേൾക്കാതെ പി.ടി.എ പ്രസിഡന്‍റും പ്രിൻസിപ്പലും എഴുതി തയാറാക്കിയ കത്ത്​ യോഗത്തിൽ വായിച്ചത്​ മർദനത്തിനിരായ പെൺകുട്ടിയുടെ ബന്ധുക്കളെ ചൊടിപ്പിച്ചു. ഇവർ ബഹളംവെച്ചതോടെ ഒത്തുതീർപ്പിനെത്തിയവരും പ്രതികരിച്ചു.

ഇതിനിടെയാണ്​ ഒരു പെൺകുട്ടിക്ക്​ അസ്വസ്ഥത അനുഭവപ്പെട്ടത്​. എസ്​.എസ്​.എൽ.സി പരീക്ഷയും ​കുട്ടികളുടെ മാനസികാവസ്ഥയും കണക്കിലെടുത്ത്​ ​മാതാപിതാക്കൾ ഇട​പെട്ട്​ ഒത്തുതീർപ്പ്​​ നീക്കവും നടക്കുന്നുണ്ട്​. പൊലീസ്​ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി.

Tags:    
News Summary - Dispute over sending a love message; Student beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.