കൊല്ലം: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം കോടതി വളപ്പിൽ സംഘർഷത്തിൽ കലാശിച്ചു. അഭിഭാഷകർ കൂട്ടം ചേർന്ന് മർദിച്ചതിനെ തുടർന്ന് യുവാവിന് സാരമായ പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ബന്ധുവായ യുവതിക്കും പരിക്കുണ്ട്. യുവാവിന്‍റെ മർദനമേറ്റ അഭിഭാഷകനും പരിക്കുണ്ട്.
കൊല്ലം പള്ളിക്കൽ സ്വദേശി സിദ്ദീഖ് (36), കടക്കൽ സ്വദേശി ഷെമീന (33), അഡ്വ. ഐ.കെ.കൃഷ്ണകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ല ആശുപത്രിയിൽ ചികിത്സതേടി.
കലക്ട്രേറ്റ് അങ്കണത്തിലെ ആർ.ടി ഓഫീസിൽ പണം അടക്കാനെത്തിയതാണ് ഷെമീനയും അവരുടെ ബന്ധുവും വാഹനത്തിന്‍റെ ഡ്രൈവറുമായ സിദ്ദീഖും. ഓഫീസിലെ ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തങ്ങളുടെ വാഹനത്തിന് പുറത്തിറങ്ങാൻ കഴിയാത്തനിലയിൽ വാഹനം കൊണ്ടിട്ട അഭിഭാഷകനോട് വാഹനം നീക്കിതരാൻ ആവശ്യപെട്ടിട്ടും അതിന് തയാറാകാതെ അദ്ദേഹം കോടതിയിലേക്ക് കയറിപോയതായി സിദ്ദീഖ് പറയുന്നു.
ആശുപത്രിയിൽ പോകേണ്ട ആവശ്യമാണന്ന് പറഞ്ഞ് കോടതിമുറിക്കുമുന്നിൽ വരെ പുറകെ പോയി കെഞ്ചിയിട്ടും അഭിഭാഷകൻ ഗൗനിച്ചില്ലന്നും പരാതിയിൽ പറയുന്നു. ഏകദേശം അരമണിക്കൂറുകഴിഞ്ഞാണ് അഭിഭാഷകൻ തിരിച്ചെത്തിയത്. തുടർന്ന് കാർ പാർക്ക് ചെയ്തതിനെ ചൊല്ലിയും നീക്കാൻ തയാറാകാത്തതിനെ ചൊല്ലിയും തർക്കമായി. കൈയാങ്കളിയിലേക്ക് കാര്യങ്ങളെത്തിയതിനെ തുടർന്ന് കൂട്ടമായി എത്തിയ അഭിഭാഷകർ സിദ്ദീഖിനെ തല്ലി ചതച്ചു.
പിടിച്ചുമാറ്റാൻ ശ്രമിച്ച തന്നെയും ചില അഭിഭാഷകർ മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് ഷെമീന ‘മാധ്യമ’ത്തോട് പറഞ്ഞു. തനിക്ക് സുഖമില്ലാത്തതാണന്നും ആശുപത്രിയിൽ പോകാൻ വന്നതാണന്ന് പറഞ്ഞിട്ടും സ്ത്രീകളടക്കമുള്ള അഭിഭാഷകർ ഉപദ്രവിച്ചതായി അവർ പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ പകർത്താൻ ശ്രമിച്ച തന്‍റെ മൊബൈൽ പിടിച്ചുവാങ്ങി നശിപ്പിച്ചതായും ഷെമീന പറഞ്ഞു. ഇവർ വന്ന വാഹനത്തിനും കേടുപാടുണ്ടായി. ഇതിനിടെ സംഭവത്തിന്‍റെ വീഡിയോ പകർത്തിയ നാട്ടുകാരെ അഭിഭാഷകർ ഭീഷണിപെടുത്തി. അതേസമയം അഭിഭാഷകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത കൃഷ്ണകുമാറിനെ സിദ്ദീഖും ഷെമീനയും കൈയേറ്റം ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കൊല്ലം: കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന അഡ്വ. ഐ.കെ. കൃഷ്ണകുമാറിന്‍റെ കാറിന്‍റെ കാറ്റൂരി വിടുകയും അദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ബാറിലെ അഭിഭാഷകർ വ്യാഴാഴ്ച കോടതി നടപടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കൊല്ലം ബാർ അസോസിയേഷൻ അറിയിച്ചു.
കോടതി വളപ്പിൽ അനധികൃതമായി കാർ പാർക്ക് ചെയ്ത യുവാവും യുവതിയും തങ്ങളുടെ കാറിന് തടസ്സമായാണ് അഭിഭാഷകൻ കാർ പാർക്ക് ചെയ്തതെന്ന് പറഞ്ഞ് അഭിഭാഷകനെ കൈയേറ്റം ചെയ്തുവെന്നും ഒഴിഞ്ഞ് മാറിയ അഭിഭാഷകനെ വീണ്ടും അക്രമിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് അഭിഭാഷകർ വന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ഇന്ന് രാവിലെ കൊല്ലം ബാർ അസോസിയേഷൻ അടിയന്തിര ജനറൽ ബോഡി യോഗം കൂടി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് അഡ്വ. ഓച്ചിറ.എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ എ.കെ.മനോജ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.