അനധികൃത സ്വത്ത് സമ്പാദനം: ടോം ജോസിനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടിക്ക് സാധ്യത. ടോം ജോസിനെ സര്‍വിസില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് തിങ്കളാഴ്ച വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. തൊഴില്‍വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി ടോം ജോസ് തല്‍സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാകും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുക. റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസങ്ങളില്‍ ടോം ജോസിന്‍െറ ഫ്ളാറ്റുകളില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍വെച്ച് വരുംദിവസങ്ങളില്‍ വിജിലന്‍സ് ചോദ്യംചെയ്യും. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്ത ബാങ്ക് പാസ്ബുക്കുകളെക്കുറിച്ചും സാമ്പത്തികരേഖകളെ സംബന്ധിച്ചുമായിരിക്കും പ്രധാനഅന്വേഷണം. ഇദ്ദേഹത്തിന്‍െറ ബിസിനസ് പങ്കാളിയെന്ന് സംശയിക്കുന്ന അനീറ്റ ജോസിന്‍െറ സാമ്പത്തികഇടപാടുകളും പരിശോധിക്കുന്നുണ്ട്. ശനിയും ഞായറും അവധിയായതിനാല്‍ ബാങ്കില്‍നിന്ന് ഇതിന്‍െറ വിശദാംശങ്ങള്‍ നേടാനായില്ല. തിങ്കളാഴ്ച മാത്രമേ ഇതില്‍ വ്യക്തത ഉണ്ടാകൂവെന്നാണ് സൂചന.

കെ.എം.എം.എല്‍ മഗ്നീഷ്യം ഇടപാടുമായി ബന്ധപ്പെട്ട് 1.21 കോടിയുടെ അഴിമതി, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ മഹാരാഷ്ട്രയിലെ ഹിന്ദു ദുര്‍ഗില്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയെന്നുമാണ് ടോം ജോസിനെതിരെ എടുത്തിട്ടുള്ള കേസുകള്‍. അതേസമയം, ഐ.എ.എസ് അസോസിയേഷന്‍ പ്രഡിസന്‍റ് കൂടിയായ ടോം ജോസിനെതിരായ നീക്കത്തില്‍ ഐ.എ.എസുകാര്‍ പൂര്‍ണ അതൃപ്തിയിലാണ്. ഐ.എ.എസുകാരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാണ് വിജിലന്‍സ് ഡയറക്ടറുടെ നീക്കങ്ങള്‍. തനിക്കെതിരെ ശബ്ദിക്കുന്നവരുടെ വായടിപ്പിക്കാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്ന ജേക്കബ് തോമസിന്‍െറ നീക്കങ്ങള്‍ക്ക് തടയിടണമെന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ നേരില്‍കണ്ട് അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ തനിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരെ അറിയിച്ചത്.

Tags:    
News Summary - disproportionate assets: action against tom jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.