അച്ചടക്കത്തിന്‍റെ വാളെടുത്ത്​ സുധാകരൻ; 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: പാർട്ടിയെ സെമി കേഡർ സംവിധാനത്തിലേക്ക്​ കൊണ്ടുപോകുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ വിമതസ്വരങ്ങൾ ഇല്ലാതാക്കാൻ അച്ചടക്ക നടപടികൾക്ക്​ തുടക്കം കുറിച്ച്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍. നേതാക്കളുടെ സേവ പിടിച്ച് ആര്‍ക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ല. സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കുന്നതല്ലെന്നും സുധാകരൻ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.പി.സി.സി നിയോഗിച്ച അന്വേഷണ സമതികളുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചവരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

തെരഞ്ഞെടുപ്പ്​ സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്നും ലഭിച്ച 58 പരാതികള്‍ പ്രത്യേകമായി പരിശോധിക്കും. ഇതിൽ സംഘടനാപരമായതും പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ പരാതികളും ഉണ്ട്​. സ്ഥാനാര്‍ത്ഥികള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറിനില്‍ക്കുന്നതും സജീവമായി പ്രവര്‍ത്തിക്കാത്തതും കര്‍ശനമായി വിലയിരുത്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ അറിയിച്ചു.

ഘടകകക്ഷികള്‍ മത്സരിച്ച ചവറ, കുന്നത്തൂര്‍, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച കായംകുളം, അടൂര്‍, പീരുമേട്, തൃശ്ശൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് തോല്‍വി കൂടുതല്‍ വിശദമായി വിലയിരുത്താന്‍ മുന്‍ എം.എല്‍.എമാരായ കെ. മോഹന്‍കുമാര്‍, പി.ജെ. ജോയി, മുൻ എം.പി കെ.പി. ധനപാലന്‍ എന്നിവരെ ചുമതലപ്പെടുത്തി. 

Tags:    
News Summary - disciplinary action in Congress, Show cause notice to 97 leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.