കേരള പോലീസിന്റെ ഡയറക്ഷൻ, കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേഷൻ; യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത് മണിക്കൂറുകൾക്കകം

ഇരിങ്ങാലക്കുട സ്വദേശിയായ 22 വയസ്സുള്ള യുവതിയേയും 45 ദിവസം പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്താൻ നടത്തിയ പരിശ്രമങ്ങൾ വിവരിച്ച് പൊലീസ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഉ​ദ്വേഗജനകമായ സംഭവങ്ങൾ പൊലീസ് അധികൃതർ വിവരിച്ചത്. യുവതിയേയും കുഞ്ഞിനെയും കാണാനില്ലെന്ന പരാതി കൊച്ചി സിറ്റി പോലീസ് കൺട്രോൾ റൂമിലാണ് ലഭിക്കുന്നത്. തുടർന്ന് ​കെ.എസ്.ആർ.ടി.സി അധികൃതരും പൊലീസും ചേർന്ന് സമന്വയിപ്പിച്ച ഓപ്പേറേഷനിലാണ് ഇരുവരേയും കണ്ടെത്തിയത്.

പോസ്റ്റിന്റെ പൂർണരൂപം താഴെ

ഇരിങ്ങാലക്കുട സ്വദേശിയായ 22 വയസ്സുള്ള യുവതിയേയും 45 ദിവസം പ്രായമുള്ള കുഞ്ഞിനെയും കാണാനില്ലെന്ന പരാതിയാണ് കൊച്ചി സിറ്റി പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്. വൈറ്റില ഹബ്ബിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ യുവതിയും കുഞ്ഞും കയറിയതായി സൂചന ലഭിച്ച പോലീസ് രാത്രി രണ്ടുമണിയോടുകൂടി കെ.എസ്.ആർ.ടി.സിയുടെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഫോൺ അറ്റന്റ് ചെയ്തത് കെ.എസ്.ആർ.ടി.സിയിലെ കൺട്രോൾ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്മിത എസ് എന്ന ജീവനക്കാരിയാണ്.

തുടർന്ന് കടന്നുപോയത് ഉദ്വോഗജനകമായ നിമിഷങ്ങളായിരുന്നു. കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിൽ നിന്നും ആ സമയത്ത് വൈറ്റില ഹബ്ബ് വഴി കടന്നുപോകുന്ന ഇരുപതിൽ പരം ബസ്സുകളുടെ വിവരങ്ങൾ ശേഖരിച്ചു. തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർമാരെ വിവരങ്ങൾ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർ സ്റ്റാന്റിൽ വരുന്ന ബസുകൾ അരിച്ച് പെറുക്കി.

ഓരോ ബസ് ജീവനക്കാരെയും ഫോണിൽ ബന്ധപ്പെട്ട് വിവരം കൈമാറിയെങ്കിലും യുവതിയേയും കുഞ്ഞിനേയും കണ്ടെത്താനായില്ല. പോലീസ് കൺട്രോൾ റൂമും കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമും നിരന്തരം ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നതിനാൽ രാവിലെ 6.30 ഓടുകൂടി കൊല്ലത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യുവതിയും കുഞ്ഞും കയറിയിട്ടുള്ളതായി സൂചന ലഭിച്ചു.


രാവിലെ 6 മണിക്കും 7 മണിക്കും ഇടയിൽ കൊല്ലം വഴി തൃശൂർ ഭാഗത്തേക്ക് കടന്നുപോയ എല്ലാ ബസ്സുകളുടെയും വിവരങ്ങൾ ശേഖരിച്ച്, കൺട്രോൾ റൂമിൽ നിന്ന് നൽകിയ നിർദേശമനുസരിച്ച് ജീവനക്കാർ നടത്തിയ പരിശോധനയിൽ പാറശാലയിൽ നിന്നും തൃശൂരിലേക്ക് സർവീസ് നടത്തുന്ന RSC 600 നമ്പർ സൂപ്പർഫാസ്റ്റ് ബസിൽ നിന്ന് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു.

തുടർന്ന് യുവതിയെ കണ്ടെത്തിയ വിവരം പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും പോലീസ് കൺട്രോൾ റൂമിൽ നിന്നും ആലപ്പുഴ സൗത്ത് സിഐയിൽ നിന്നും ഈ ബസ്സിലെ കണ്ടക്ടർക്ക് ലഭിച്ച നിർദ്ദേശമനുസരിച്ച് ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ബസ് നിർത്തി, വനിതാ പോലീസ് ഉൾപ്പെടെ ഉണ്ടായിരുന്ന ആലപ്പുഴ സൗത്ത് പോലീസ് ടീമിന് യുവതിയെയും കുഞ്ഞിനെയും ഏൽപ്പിക്കുകയായിരുന്നു. രണ്ട് കൺട്രോൾ റൂമിലുളള ജീവനക്കാർ കൈകോർത്ത് പ്രവർത്തിച്ചതിൻ്റെ ഫലമായാണ് യുവതിയേയും കുഞ്ഞിനെയും മണിക്കൂറുകൾക്കകം കണ്ടെത്താൻ സാധിച്ചത്.

Tags:    
News Summary - Directorate of Kerala Police, Operation of KSRTC; The woman and the baby were found within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.