ക്യാമ്പിൽ ഡി.ഐ.ജിയുടെ ക്രൂരവിനോദം; നട്ടപ്പാതിരക്ക് പരേഡ്
കോട്ടയം: എസ്.എ.പി (സ്പെഷൽ ആംഡ് പൊലീസ്) ക്യാമ്പിലെ സേനാംഗങ്ങളെക്കൊണ്ട് ഡി.ഐ.ജി അർധരാത്രി മൂന്ന് മണിക്കൂർ പരേഡ് ചെയ്യിപ്പിച്ചു. പങ്കെടുക്കാത്തവർക്ക് പിറ്റേന്ന് പൊരിവെയിലിൽ പരേഡ് ശിക്ഷയും. ഏതാനും ദിവസം മുമ്പ് തിരുവനന്തപുരം പേരൂർക്കടയിലെ ക്യാമ്പിലാണ് സംഭവം.
രാത്രി 11 മണിയോടെയാണ് ഡി.ഐ.ജി ക്യാമ്പിലെത്തിയത്. തുടർന്ന് ഉറക്കത്തിലായിരുന്ന പൊലീസുകാരോട് പരേഡിനും പി.ടിക്കുമായി ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. റെഡിയായെത്തിയ സേനാംഗങ്ങളെ പുലർച്ച രണ്ട് മണി വരെ പരേഡും പി.ടിയും ചെയ്യിപ്പിച്ചു. ക്യാമ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരാരും ഇതിനെതിരെ ശബ്ദിച്ചില്ല.
ആരോഗ്യ പ്രശ്നങ്ങൾ മൂലം മരുന്ന് കഴിച്ച് കിടന്നുറങ്ങിയ പൊലീസുകാർ പോലും ഡി.ഐ.ജിയുടെ ക്രൂരവിനോദത്തിന് ഇരയായി. പലരും ക്ഷീണിച്ച് വീണതായും പറയുന്നു. പൊലീസുകാരെ രാത്രി പരേഡ് ചെയ്യിപ്പിക്കരുതെന്നാണ് നിയമം. അത് കാറ്റിൽ പറത്തിയാണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ തന്റെ അധികാരം പ്രയോഗിച്ചത്.
രാത്രി പരേഡിൽ ഹാജരാകാതിരുന്ന 80 ഓളം സേനാംഗങ്ങൾക്ക് മൂന്ന് ദിവസത്തെ അധിക പരേഡ് ശിക്ഷ എല്ലാ ദിവസവും ഉച്ചക്ക് 12 മുതൽ ഒരു മണിക്കൂർ നടന്നുവരികയാണ്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ സുരക്ഷ ഡ്യൂട്ടിക്കായി തിരുവനന്തപുരത്ത് പോയവർ പോലും നട്ടുച്ചക്കുള്ള പരേഡ് ശിക്ഷയിൽ ഉൾപ്പെട്ടതായി പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ സേനാംഗങ്ങൾ കടുത്ത അതൃപ്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.