ആന്‍റോ അഗസ്റ്റിന്‍റെ വയനാട്ടിലെ വീട്ടിൽനിന്ന് 43 ലിറ്റർ വിദേശമദ്യം പിടികൂടി

കല്‍പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 43 ലിറ്റർ വിദേശമദ്യം പിടികൂടി. ഏഴ് ലിറ്റർ വൈനും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസിലും ഇവരുടെ വയനാട്ടിലെ വീടുകളിലും എസ്.ഐ.ടി റെയ്ഡ് നടത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എക്സൈസ് സംഘം ഇവിടെ എത്തിച്ചേർന്നത്.

മദ്യത്തിന്റെ ഉറവിടവും വീട്ടിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അനുമതിയില്ലാതെ വലിയ അളവിൽ മദ്യശേഖരം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ഒരാൾക്ക് സ്പെഷൽ ലൈസൻസോ പെർമിറ്റോ ഇല്ലാതെ വ്യക്തിഗത ആവശ്യങ്ങൾക്കായി കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് മൂന്ന് ലീറ്ററാണ്.

കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലും വയനാട്ടിലുമായി അഞ്ച് ഇടങ്ങളിലാണ് പുലർച്ചെ മുതൽ പരിശോധന നടത്തിയത്. കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫിസിലും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട ഫ്ലാറ്റിലും പരിശോധന നടത്തി.

ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമായി ബന്ധപ്പെട്ട വയനാട്ടിലെ വീടുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഫുട്‌ബാൾ സ്‌പോൺസർ തട്ടിപ്പുകേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാറിനെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തെന്നാണ് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്.

Tags:    
News Summary - 43 litres of foreign liquor seized from Anto Augustine's house in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.