മോദിയുടെ പാതയിൽ തന്നെയാണ് വി.ഡിയുമെന്ന് പി. ജയരാജൻ; ‘റിപ്പോർട്ടർ റെയ്ഡിൽ മറ്റുചാനലുകൾ എങ്ങനെ പ്രതികരിച്ചു എന്ന് ഗൗരവമായി പരിശോധിക്കണം’
കണ്ണൂർ: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെതിരെ കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി റിപ്പോർട്ടർ ചാനലിൽ നടത്തിയ റെയ്ഡിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് കേരള പൊലീസ് നടത്തിയ അതിക്രമം അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
മോദിയുടെ പാതയിൽ തന്നെയാണ് വിഡി സതീശൻ. ഇത്തരമൊരു പോലീസ് അതിക്രമത്തോട് മറ്റുള്ള ചാനലുകൾ എങ്ങനെയാണ് പ്രതികരിച്ചത് എന്നത് കൂടി ഗൗരവമായി സമൂഹം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിലയിലാണ് പൊലീസ് ഒരു ചാനലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിൽ ഇടപെടുന്നത്. ഒരു മാധ്യമ സ്ഥാപനത്തിന് ജനാധിപത്യ വ്യവസ്ഥയിൽ നൽകേണ്ട പ്രാധാന്യം പോലും പരിഗണിക്കാതെയാണ് പൊലീസ് പെരുമാറിയത്.
വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയാതെ ഇത്തരമൊരു ഇടപെടൽ പോലീസ് നടത്തില്ല എന്ന് ഉറപ്പാണ്. ഇത് പുതുയുഗ കേരളമല്ല ഇരുണ്ട യുഗത്തിലേക്കുള്ള പോക്കാണ് എന്ന് ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി. എം.ഡി.എം.എ കേസിലെ പ്രതിയായ സതീശന്റെ സോഷ്യൽ മീഡിയ കോഡിനേറ്ററുടെ ഫോൺ ഇതുവരെ പരിശോധിക്കാത്ത പൊലീസാണ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തത്. മോഡിയുടെ പാതയിൽ തന്നെയാണ് വിഡിയും. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കണം’ -പി. ജയരാജൻ പറഞ്ഞു.
അതേസമയം, റിപ്പോർട്ടർ ടിവിയിൽ നിയമപരമായാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. അവിടത്തെ വാർത്ത സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ല. ഈ വാർത്ത താൻ അറിയുന്നത് ആ ടിവി ചാനലിൽ നിന്നു തന്നെയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ അവർ ലൈവ് ആയിട്ട് ടെലികാസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത അറിയുന്നത്. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ വിവാദത്തിൽ കായിക വകുപ്പ് സർക്കാറിന് പരാതി നൽകിയിരുന്നു. അത് പരിശോധിച്ച് ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. ആ എസ്.ഐ.ടി ടീം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.ഐ.ടി ടീം അവരുടെ അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. അത് നിയമപരമായ റെയ്ഡാണ് എന്നാണ് തനിക്ക് കിട്ടിയിട്ടുള്ള വിവരമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, അതെല്ലാം പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ചെയ്യുന്നതാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ജി.എസ്.ടി വകുപ്പ് നടത്തിയ എസ്.ഐ.ടി അന്വേഷണത്തിൽ ജി.എസ്.ടി തട്ടിപ്പ് നടന്നതായി കണ്ടെത്തി. കായിക വകുപ്പിന്‍റെ റിപ്പോർട്ട് പരിശോധിച്ചപ്പോഴും ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഒരു എസ്.ഐ.ടി ടീമിനെ രൂപവത്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2017ൽ മംഗളം ടിവി റെയ്ഡ് ചെയ്തില്ലേ. അതിന്റെ സി.ഇ.ഒ ഉൾപ്പെടെയുള്ള അഞ്ച് മുതിർന്ന മാധ്യമ പ്രവർത്തകരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2023 മാർച്ചിൽ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്തു. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെയും റീജനൽ എഡിറ്റർ ഷാജഹാനെതിരെയും നിരവധി വകുപ്പുകൾ ചുമത്തി. മറുനാടൻ മലയാളിയുടെ ഓഫിസിൽ പൊലീസ് പരിശോധന നടത്തി ജീവനക്കാരുടെ ലാപ്ടോപ്പും കമ്പ്യൂട്ടറും പിടിച്ചെടുത്തു. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ കെ.എസ്.യു പ്രവർത്തക ചെരുപ്പറിഞ്ഞെന്നും പറഞ്ഞ് 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ റിപ്പോർട്ടറെ ആ കേസിൽപെടുത്തി. പിന്നെ എസ്.എഫ്.ഐ നേതാവിന്റ മാർക് ലിസ്റ്റ് വിവാദത്തിൽ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതിന് അന്നത്തെ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. പ്രതിപക്ഷ നേതാവ് ധാർമിക രോഷം പ്രകടിപ്പിച്ചതുകൊണ്ട് മാത്രമാണ് താൻ ഈ പഴയ സംഭവങ്ങൾ എല്ലാം പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ് എസ്.ഐ.ടി റെയ്ഡ് നടത്തിയത്. പുലർച്ചെ നാലു മണി മുതലാണ് പരിശോധന അരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.