തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ തുരങ്കംവെക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. നാടിന്‍റെ വികസനം ചിലരെ അസ്വസ്ഥമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരും ജനങ്ങളും വികസനത്തിൽ അസ്വസ്ഥരാകില്ല. വികലമായ ചില മനസുകളാണ് അസ്വസ്ഥരാകുന്നത്.
പാവപ്പെട്ടവർക്ക് ഇന്‍റർനെറ്റ് സൗജന്യ നിരക്കിൽ ലഭിക്കുന്ന പദ്ധതി എല്ലാവർക്കും നല്ലതല്ലേ. പ്രത്യേക താൽപര്യക്കാർ അതിന് പാരപണിയണമെന്നാണ് ചിന്തിക്കുന്നത്.
മലയോര ഹൈവേയും തീരദേശ ഹൈവേയും നാട്ടുകാർ ആഗ്രഹിക്കുന്ന മാറ്റമാണ്. കിഫ്ബിയുടെ സ്രോതസ്സാണ് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. വികസനത്തിൽ വലിയ പങ്കാണ് കിഫ്ബി വഹിക്കുന്നത്.
ഒട്ടേറെ വ്യവസായ പാർക്കുകളും പദ്ധതികളും സംസ്ഥാനത്ത് വന്നു. വൻകിട പദ്ധതികൾക്കും കിഫ്ബിയെയാണ് ആശ്രയിക്കുന്നത്. ഇവയ്ക്കൊന്നും നാട് എതിരല്ല. നാടിന്‍റെ നാളത്തെ ആവശ്യം കണ്ടറിഞ്ഞുള്ള നടപടികളാണിത്. ഇതിനായി കിഫ്ബിയെ ഉപയോഗിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്.
വികസനം വേണ്ടെന്നാണോ ഇതിനെതിരെ സംസാരിക്കുന്നവർ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നാട്ടിൽ ഒരു പദ്ധതിയും വേണ്ടെന്നാണോ ഇവർ പറയുന്നത്. ഞങ്ങളുടെ മണ്ഡലത്തിൽ കിഫ്ബിയുടെ പദ്ധതി വേണ്ട എന്ന് പ്രതിപക്ഷ നേതാവ് നിലപാടെടുക്കുമോ. നമ്മുടെ നാട് ഏതെങ്കിലും തരത്തിൽ വികസിക്കുന്നതിൽ അസ്വസ്ഥരാവുകയാണ് ഇവർ. നാടിന് നൽകിയ വാഗ്ദാനമാണ് സർക്കാർ പാലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.