പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം സ്മിത്തും (സ്വർണപ്പണിക്കാരൻ) സംശയനിഴലിൽ. ചെമ്പും സ്വർണവും വേർതിരിച്ചറിയാൻ കഴിയുന്ന സ്മിത്ത്തന്നെ സ്വർണം പതിച്ച കട്ടിളപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി. 2019 മേയ് 18ന് ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ സ്വർണം പൂശാനെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ മഹസറിലാണ് കട്ടിളപ്പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തിയത്. കട്ടിളപ്പാളികൾ അഴിച്ച് കൈമാറിയപ്പോൾ തയാറാക്കിയ മഹസറിൽ ചെമ്പ് പാളികളുടെ എണ്ണവും തൂക്കവും ബോധ്യപ്പെട്ടെന്ന് പറയുന്നുണ്ട്. ഇത് സാക്ഷ്യപ്പെടുത്തി സ്മിത്ത് ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
2019 ജൂലൈ 19, 20 തീയതികളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങളും തെക്കും വടക്കും മൂലകളിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ് തകിടുകളും കൈമാറിയ മഹസറിലും ദേവസ്വം സ്മിത്തിന്റെ സാന്നിധ്യമുണ്ടെന്ന് എഴുതിയിരുന്നു. ഇതിലും ചെമ്പെന്നായിരുന്നു ചേർത്തിരുന്നത്. എന്നാൽ, സ്മിത്ത് ഒപ്പിട്ടിട്ടില്ലായിരുന്നു. പിന്നീട്, വിജിലൻസ് മൊഴിയെടുത്തപ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് സ്മിത്ത് അറിയിച്ചത്.
അതിനിടെ, ദ്വാരപാലകശിൽപ പാളികൾ സ്വർണം പൂശാൻ 2019ൽ കൊണ്ടുപോകാനായി മഹസർ തയാറാക്കിയപ്പോൾ അന്നത്തെ തന്ത്രിയെ ഒഴിവാക്കി. മഹസറിൽ തന്ത്രിയുടെ പേര് എഴുതിയിട്ടുണ്ടെങ്കിലും ഒപ്പിട്ടിട്ടില്ല. വിജിലൻസ് അന്വേഷണത്തിൽ മഹസർ തയാറാക്കിയ അന്നത്തെ എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാർ തന്ത്രിയുടെ ഒപ്പ് മനഃപൂർവം വാങ്ങാതിരുന്നതാണെന്ന് കണ്ടെത്തി.
ദ്വാരപാലകരിലും തെക്കും വടക്കും മൂലകളിൽ പൊതിഞ്ഞ ചെമ്പ് തകിടുകളിലും പൂശിയിട്ടുള്ള സ്വർണം മാഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ പുതുതായി സ്വർണം പൂശി വൃത്തിയായി വെക്കാൻ അനുവദിക്കാമെന്നായിരുന്നു തന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, ഇതിലെ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്ന പരാമശം മറച്ചുവെച്ചായിരുന്നു ഉദ്യോഗസ്ഥർ ചെമ്പുപാളികൾ എന്നുമാത്രം എഴുതിയത്. ഇത് തന്ത്രിയിൽനിന്ന് മറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഒഴിവാക്കി നിർത്തിയതെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണ നടപടികളില്‍ കോണ്‍ഗ്രസിന് പൂര്‍ണ തൃപ്തിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണ സംഘത്തിന്റെ കരങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രതികളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ സര്‍ക്കാറും പൊലീസും തയാറാകുന്നില്ല. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം ഇതുവരെ പ്രതികളിലെത്തിയിട്ടില്ല. കോടതി അന്വേഷണത്തിന് ഉത്തരവിട്ട് പത്തുദിവസം കഴിഞ്ഞിട്ടും ഒരു പുരോഗതിയുമില്ല. സ്വർണം ആര്‍ക്ക് വിറ്റെന്ന് കണ്ടെത്തിയിട്ടില്ല.
ആർ.എസ്.എസ് ക്യാമ്പില്‍ നടന്ന ലൈംഗിക പീഡനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഫ്.ഐ.ആറില്‍ ആർ.എസ്.എസ് എന്ന പേര് ചേര്‍ക്കാന്‍ പോലും പൊലീസിന് ഭയമാണ്. സി.പി.എമ്മിന്റെയും ആർ.എസ്.എസിന്റെയും ഒത്തുകളിയുടെ വേറൊരു രൂപമാണ് ആ കേസില്‍ കാണുന്നതെന്നും സണ്ണി ജോസഫ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.