കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കാൻ കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കണം. ഇതിനായി ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച്, കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയും കടത്തിവിടും. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പൊലീസും ഡ്യൂട്ടിക്ക് ഉണ്ടാകും . ഉടൻ തന്നെ ഈ സൗകര്യം നടപ്പിലാക്കാൻ ദേവസ്വം പൊതുമരാമത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന സർക്കാർ നിർദേശം ദേവസ്വം ബോർഡ് കർശനമായി നടപ്പാകും. ആകെ 9 വരികളാണ് നടപ്പന്തലിൽ ഉള്ളത് .ഇതിൽ ഒന്ന്, രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട് വരികൾ ഭക്തജനങ്ങൾക്കും, മൂന്നും ആറും വരികൾ കുടിവെള്ള വിതരണത്തിനും ഒൻപതാമത്തെ വരി കുട്ടികൾക്കും, സ്ത്രീകൾക്കും , ഭിന്നശേഷിക്കാർക്കുമാണ്. ഒൻപതാമത്തെ വരിയിലൂടെ എത്തുന്ന കുട്ടികളെ പോലീസിന്റെ സഹായത്തോടെ സുഗമമായി പതിനെട്ടാം പടി കയറ്റിയശേഷം ശ്രീകോവിലിനടുത്ത് സ്ഥാപിക്കുന്ന പ്രതെയ്ക ഗേറ്റ് വഴി ഭഗവാന്റെ മുന്നിലെത്തിക്കും.

മുൻ വർഷങ്ങളേക്കാൾ ശബരിമലയിലെത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചതും ദേവസ്വം ബോർഡിന്റെ ഈ നടപടിക്ക് കാരണമായിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലേക്ക് എത്തുന്ന കുട്ടികളുടെ കൈയിൽ പമ്പയിൽ വച്ച് തന്നെ പേരും, രക്ഷാകർത്താവിന്റെ മൊബൈൽ നമ്പറും എഴുതിയ ബാൻഡ് ധരിപ്പിക്കുന്നുണ്ട്. വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതൽ പ്രവൃത്തി നടക്കുന്നത്. കുട്ടികൾ കൂട്ടം തെറ്റാതിരിക്കാൻ ഇക്കാര്യത്തിൽ ഭക്തജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

ഡോളി നിരക്ക് പ്രദർശിപ്പിക്കും

ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ അതത് സ്ഥലങ്ങളിൽ ഡോളി നിരക്ക് പ്രദർശിപ്പിക്കാൻ കർശന നിർദേശം നല്കയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഒഴിവാക്കാൻ സ്പെഷ്യൽ കോ ഓർഡിനേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഗസ്റ്റ് ഹൗസുകളിലെ താമസ സൗകര്യം

ഗസ്റ്റ് ഹൗസുകളിലെ താമസ സൗകര്യം കുറ്റമറ്റതാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി 15 ഓളം മുറികൾ മാറ്റിയിടുന്നത് ആലോചനയിലാണ്. അപ്രതീക്ഷിത കാരണങ്ങളാൽ മുറികൾ ലഭിക്കാത്ത സാഹചര്യം വന്നാൽ തുക മടക്കി നൽകും.

Tags:    
News Summary - Devaswom Board will prepare special darshan facility for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.