കേന്ദ്രമന്ത്രി വി. മുരളീധരന് മൂത്ത കേരളവിരോധമെന്ന് സി.പി.എം മുഖപത്രം

കൊച്ചി: കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി. കഴിഞ്ഞ ദിവസങ്ങളില്‍ മുരളീധരന്‍ നടത്തിയ പരാമര്‍ശങ്ങളോടുള്ള കടുത്ത വിമർശനമാണ് കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്' എന്ന തലക്കെട്ടുള്ള മുഖപ്രസംഗം. സംസ്ഥാന ബി.ജെ.പിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷമാണോ മുരളീധരന്‍റെ വിരോധത്തിന് കാരണമെന്നും എഡിറ്റോറിയല്‍ ചോദിച്ചു.

കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്‍റില്‍ എത്തിയ ആളല്ലെങ്കിലും തലശേരിയില്‍ ജനിച്ച് കേരളത്തിലെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ പദവിവരെ ഉയര്‍ന്ന ഈ മന്ത്രിക്ക് കേരളം എന്ന് കേള്‍ക്കുമ്പോള്‍ കലിവരുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല. സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷമാണോ ഈ വിരോധത്തിന് കാരണം? ഒരു നല്ല വാക്കുപോലും കേരളത്തിന്‍റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാന്‍ കേന്ദ്രമന്ത്രി തയാറായിട്ടില്ല. എന്നും വിദ്വേഷ രാഷ്ട്രീയത്തിന്‍റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധം എന്നു കരുതി സമാധാനിക്കുകയേ വഴിയുള്ളുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍നിന്ന് കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാന്‍ വി മുരളീധരന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാര്‍ലമെന്‍ററികാര്യം, വിദേശകാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് മുരളീധരന്‍. പാര്‍ലമെന്‍റില്‍ ഭരണപക്ഷം പ്രതിസന്ധിയിലാകുന്ന വേളയിലൊന്നും ഈ മന്ത്രിയുടെ ശബ്ദം ആരും ശ്രവിച്ചിട്ടില്ലെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.

വിദേശമന്ത്രിയെന്ന നിലയില്‍ കേരളത്തിനായി ഏറെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ പ്രത്യേകിച്ചും. എന്നാല്‍, ആ രീതിയിലുള്ള ഒരു പ്രവര്‍ത്തനവും മന്ത്രിയില്‍ നിന്നുണ്ടായില്ല. പ്രബുദ്ധ കേരളത്തിന് ബാധ്യതയാവുകയാണോ ഈ മന്ത്രി എന്ന് ചോദിച്ചുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.