‘സംസ്ഥാന ഗവർണറാണ്, തെരുവുഗുണ്ടയല്ല, മനോനില പരിശോധിക്കണം’; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ​‘ദേശാഭിമാനി’

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം മുഖ​പത്രം ‘ദേശാഭിമാനി’. സംസ്ഥാന സർക്കാറുമായും സി.പി.എമ്മിന്റെ വിദ്യാർഥി വിഭാഗമായ എസ്.എഫ്.ഐയുമായും ഗവർണർ പോര് തുടരുന്നതിനിടെയാണ് ‘സംസ്ഥാന ഗവർണറാണ്, തെരുവുഗുണ്ടയല്ല’ എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയൽ.

സംസ്ഥാനത്തിന്റെ ഭരണത്തലവൻ തന്നെ സംസ്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന വിചിത്ര നടപടികളാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയൽ തുടങ്ങുന്നത്. താനെ​ന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണ് ഗവർണറെന്ന് തോന്നുന്നു. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള അധികാരം മാത്രമാണ് ഭരണഘടന ഗവർണർക്ക് നൽകുന്നത്. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്നും അതിനിവിടെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറുണ്ടെന്നും എഡിറ്റോറിയൽ ഓർമിപ്പിച്ചു.

കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഏജന്റായി പ്രവർത്തിക്കുന്ന ചാൻസലറുടെ നടപടിക്കെതിരെയാണ് എസ്.എഫ്.ഐ പ്രതിഷേധം. എന്നാൽ, പ്രതിഷേധക്കാരെ നേരിടാൻ തെരുവുഗുണ്ട​യെ പോലെ ഭരണാധികാരി റോഡിലിറങ്ങുന്നത് മുമ്പെങ്ങും കണ്ടിട്ടില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളി​ലിരിക്കുന്നവർ ഇത്തരം സാഹചര്യങ്ങളിൽ കാ​ണിക്കേണ്ട ജനാധിപത്യ രീതികളും മര്യാദകളുമുണ്ട്. ഭരണഘടനയെ പോലും വെല്ലുവിളിച്ച് രാജ്യത്തെ നിയമങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന രീതിയിൽ പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുത്ത ഗവർണറുടെ മനോനില പരിശോധിക്കേണ്ടതാണെന്നും ദേശാഭിമാനി പരിഹസിച്ചു.

Tags:    
News Summary - Desabhimani's strong criticism against Arif Mohammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.