നല്‍കാന്‍ നോട്ടില്ല; ഭക്ഷണം കഴിച്ച വിദേശി ഹോട്ടലില്‍നിന്ന് ഇറങ്ങിയോടി

മൂന്നാര്‍: അമേരിക്കയില്‍നിന്ന് കേരളം ചുറ്റാനിറങ്ങുമ്പോള്‍ ആ 38കാരന്‍ ഒരിക്കലും കരുതിയില്ല കൈയില്‍ പണംവെച്ച് ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ പട്ടിണി കിടക്കേണ്ടിവരുമെന്ന്. വിശപ്പ് താങ്ങാനാവാതെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം കൈയില്‍ നോട്ടില്ലാത്തതിനാല്‍ കള്ളനെപ്പോലെ ഇറങ്ങി ഓടേണ്ടിവന്നു യു.എസ് പൗരന്. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലാണ് നോട്ട് പ്രതിസന്ധിയുടെ ഇരയായി വിദേശിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. 

ഏതാനും ദിവസംമുമ്പ് കൊച്ചിയിലാണ് ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എ.ടി.എം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍പോയ കൗണ്ടറുകളെല്ലാം കാലി. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും നടന്നില്ല. അതിനാല്‍ രണ്ടുദിവസമായി അര്‍ധ പട്ടിണിയിലായിരുന്നു. കൈയിലുണ്ടായിരുന്ന പണംകൊണ്ട് വ്യാഴാഴ്ച വൈകീട്ടോടെ മൂന്നാറിലത്തെി. ഇവിടുത്തെ ഏതെങ്കിലും എ.ടി.എം കൗണ്ടറില്‍നിന്ന് പണമെടുക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പോയ കൗണ്ടറുകളൊന്നും തുറന്നിട്ടില്ല. വെള്ളം മാത്രം കുടിച്ച് വെള്ളിയാഴ്ച ഉച്ചവരെ പിടിച്ചുനിന്നു. വിശപ്പ് അസഹനീയമായപ്പോള്‍ അടുത്തുകണ്ട ഹോട്ടലില്‍ കയറി. കാര്‍ഡ് സ്വീകരിക്കില്ളെന്ന് വെയ്റ്റര്‍ ആദ്യമേതന്നെ പറഞ്ഞു. പക്ഷേ, നോട്ട് കൈയിലില്ലാത്ത കാര്യം മറച്ചുവെച്ച് വയറുനിറയെ ഭക്ഷണം കഴിച്ചു. പിന്നെ ഒന്നും നോക്കിയില്ല. രണ്ടും കല്‍പിച്ച് ഇറങ്ങിയൊരു ഓട്ടം. ഹോട്ടലുടമകള്‍ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും വിദേശി നിസ്സഹായാവസ്ഥ വിവരിച്ചതോടെ അലിവുതോന്നി വിട്ടയച്ചു. മൂന്നാര്‍ ടൗണില്‍ വിവിധ ബാങ്കുകളുടേതായി ആറിലധികം എ.ടി.എം കൗണ്ടറുകളുണ്ട്. പക്ഷേ, പണമില്ലാത്തിനാല്‍ മിക്കതും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഡിസംബറായതോടെ വിദേശികളടക്കം സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. ഇനിയുള്ള മൂന്ന് ദിവസങ്ങള്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് സഞ്ചാരികളെ കൂടുതല്‍ വലക്കും.  


 

Tags:    
News Summary - demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.