മാവേലിക്കര: ഉപജീവന മാർഗമില്ലാത്തതിലുള്ള മനോവിഷമവും അപകടത്തിൽ തലക്കേറ്റ പരിക്കിന് പൂർണ ചികിത്സ ലഭിക്കാത്തതുമാണ് മകെൻറ അസ്വസ്ഥതകൾക്ക് കാരണമെന്ന് ഡൽഹി കേരള ഹൗസിൽ കത്തികാട്ടി ഭീഷണി മുഴക്കിയ വിമൽരാജിന്റെ പിതാവ്. 30 വർഷം വനംവകുപ്പിൽ ജീവനക്കാരനായിരുന്ന ചെട്ടികുളങ്ങര കടവൂർ കണ്ടംതറയിൽ വാസവെൻറ മകനാണ് വിമൽരാജ്.
വിമൽരാജിനെ കൂടാതെ രണ്ട് പെൺമക്കളാണ്. അതിൽ ഒരാൾ ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. ഭാര്യ വിമല കാലിന് പരിക്കേറ്റ് ഒരു വർഷമായി കിടപ്പിലാണ്. പ്രീഡിഗ്രി വരെ പഠിച്ച വിമൽ 22ാമത്തെ വയസ്സിലാണ് നാട്ടിൽനിന്ന് പോകുന്നത്. രാജസ്ഥാനിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കവെ ഫാൻ തലയിലടിച്ച് പരിക്കേറ്റു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻററിലും ആലപ്പുഴ മെഡിക്കൽ കോളജിലും ചികിത്സ നടത്തി.
തലയിലെ ഒരു ഞരമ്പിനുള്ള തകരാർ ഭേദമായിരുന്നില്ല. ചെങ്ങന്നൂർ സ്വദേശിനിയുമായുള്ള വിവാഹം കഴിഞ്ഞെങ്കിലും ഭാര്യ സ്വന്തംവീട്ടിലാണ് താമസം. എട്ടാംക്ലാസിലും മൂന്നാംക്ലാസിലും പഠിച്ചുകൊണ്ടിരിക്കുന്ന രണ്ട് മക്കളുമുണ്ട് വിമൽരാജിന്. മകൻ ഒരു ലഹരി പദാർഥവും ഉപയോഗിക്കുന്ന ആളല്ലെന്ന് വാസവൻ ആണയിടുന്നു.
നാട്ടുകാർക്ക് ഏറെ പ്രിയങ്കരനാണെന്ന് സുഹൃത്തും പഞ്ചായത്ത് മുൻ അംഗവുമായ ഓമനക്കുട്ടനും പറയുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ കേസ് ഇപ്പോഴും നിലനിൽക്കുകയാണ്. സഹായമോ ജോലിയോ ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. സഹായം അഭ്യർഥിച്ച് നാട്ടിൽ സ്വയം പോസ്റ്ററുകൾ പതിച്ച സംഭവവുമുണ്ട്. ഏതെങ്കിലും തരത്തിൽ ഇയാൾക്ക് ജോലി നൽകി ഭാര്യയോടും കുടുംബത്തോടുമൊപ്പം കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പൊതുപ്രവർത്തകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.