പാലക്കാട്: തദ്ദേശ വകുപ്പിൽ ഇലക്ട്രിക്കൽ വർക്കറാകാൻ പത്താം ക്ലാസ് കടമ്പ കടക്കരുതെന്ന് പി.എസ്.സി. തദ്ദേശവകുപ്പിന്റെ കീഴിലെ വൈദ്യുതി ലൈസൻസികൂടിയായ തൃശൂർ കോർപറേഷനിലേക്കുള്ള ഇലക്ട്രിക്കൽ വർക്കർ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലാണ് അപേക്ഷകർ പത്താം ക്ലാസ് പാസാകരുതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഐ.ടി.ഐ യോഗ്യത നിഷ്കർഷിക്കുന്ന കേന്ദ്ര വൈദ്യുതി അതോറിറ്റി (സി.ഇ.എ) നിയമം ലംഘിച്ചാണ് തദ്ദേശവകുപ്പ് നിയമനനീക്കം നടത്തുന്നത്.
2010 മുതൽ പ്രാബല്യത്തിലായ സി.ഇ.എ നിയമപ്രകാരം ഇലക്ട്രിക്കൽ വർക്കർമാരെ ഐ.ടി.ഐ യോഗ്യതയുള്ളവരിൽനിന്ന് ക്ഷണിച്ച് താൽക്കാലിക നിയമനം നടത്താനുള്ള നടപടികളിലാണ് കെ.എസ്.ഇ.ബി. നേരത്തേ കെ.എസ്.ഇ.ബിയിലും വർക്കർമാർ പത്താം ക്ലാസ് പാസാകരുതെന്ന് ഉണ്ടായിരുന്നെങ്കിലും സി.ഇ.എ നിയമം വന്നശേഷം മാറ്റുകയായിരുന്നു.
17,000-30,220 രൂപ ശമ്പള സ്കെയിലുള്ള തദ്ദേശവകുപ്പ് ഇലക്ട്രിക്കൽ വർക്കർ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിൽ സ്ത്രീകളെയും ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഇതേ തസ്തികയിൽ കെ.എസ്.ഇ.ബിയിലെ പുതിയ വിജ്ഞാപനം ഇറങ്ങിയിട്ടുള്ളതെന്നിരിക്കെ തദ്ദേശവകുപ്പിന്റെ നടപടി വിവേചനമായി വിലയിരുത്തുന്നുണ്ട്.
സംസ്ഥാനത്ത് തൃശൂർ കോർപറേഷൻ മാത്രമാണ് വൈദ്യുതി വിതരണച്ചുമതല നേരിട്ട് ഏറ്റെടുത്തിട്ടുള്ളത്. കെ.എസ്.ഇ.ബിയിൽനിന്ന് വൈദ്യുതി വാങ്ങിയാണ് വിതരണം ചെയ്യുന്നത്.
കെ.എസ്.ഇ.ബിയിൽ 2010 മുതൽ കേന്ദ്ര വൈദ്യുതി അതോറിറ്റി ചട്ടങ്ങൾ തുടങ്ങിയിട്ടും നേരിട്ട് നടപ്പാക്കേണ്ട ചുമതലയുള്ള തൃശൂർ കോർപറേഷൻ അറിഞ്ഞ മട്ടില്ല. സി.ഇ.എ നടപ്പായശേഷം കെ.എസ്.ഇ.ബിയിൽ അസി. എൻജിനീയർ ആകാൻ ഡിപ്ലോമ വേണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും തൃശൂർ കോർപറേഷനിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്കും അസി. എൻജിനീയർ ആകാം. ഇതുൾപ്പെടെ പല കാര്യങ്ങളിലും കേന്ദ്രനിയമത്തിന്റെ ചട്ടലംഘനങ്ങൾ നടക്കുന്നെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.