കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിൽ നൽകുന്ന അപേക്ഷകളിലെ തീരുമാനങ്ങൾ ഏകജാലക സംവിധാനമായ കെ-സ്മാർട്ട് പോർട്ടലിൽ അപ്ലോഡ് ചെയ്താൽ മതിയെന്ന് ഹൈകോടതി. അപേക്ഷകന് നേരിട്ട് ഇക്കാര്യങ്ങൾ ലഭ്യമാക്കേണ്ടതില്ലെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിട്ടും നിശ്ചിത സമയത്തിനുള്ളിൽ മറുപടി നേരിട്ട് ലഭിക്കാത്തതിന്റെ പേരിൽ ലൈസൻസ് ലഭിച്ചതായി കാണക്കാക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന നഗരസഭയിൽ മത്സ്യ-മാംസ വ്യാപാരം നടത്തുന്ന മനോജ് നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
അപേക്ഷ നൽകി 30 ദിവസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന് മുനിസിപ്പൽ നിയമത്തിലെ വകുപ്പ് 447(6) വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, നിശ്ചിതസമയത്തിനുള്ളിൽ കെ-സ്മാർട്ടിൽ ഉത്തരവ് അപ് ലോഡ് ചെയ്തിരുന്നുവെന്ന് കട്ടപ്പന മുനിസിപ്പാലിറ്റി അറിയിച്ചു. കടയിലെ വൃത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാട്ടി ലൈസൻസ് പുതുക്കാനുള്ള ഹരജിക്കാരന്റെ അപേക്ഷ നഗരസഭ തള്ളിയിരുന്നു. ഇക്കാര്യം അപേക്ഷ നൽകി ഒരുമാസത്തിനുള്ളിൽതന്നെ കെ-സ്മാർട്ട് പോർട്ടലിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.
പോർട്ടലിൽ അപ് ലോഡ് ചെയ്ത ഉത്തരവ് കാണാൻ കഴിഞ്ഞില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, ഇത്തരത്തിൽ അപ് ലോഡ് ചെയ്യുന്ന ഉത്തരവുകൾക്ക് ഐ.ടി ആക്ട് പ്രകാരം നിയമസാധുതയുണ്ടെന്നും നേരിട്ട് അറിയിച്ചില്ലെന്ന വാദം ഉന്നയിക്കാനാവില്ലെന്നും വ്യക്തമാക്കി. അപേക്ഷയിലെ അപാകത പോർട്ടൽവഴി ഹരജിക്കാരൻ തിരുത്തിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.